റോക്ക്സ്റ്റാർ ഗെയിംസ് തങ്ങളുടെ ഏറ്റവും പുതിയ പതിപ്പായ ജിടിഎ 6-ന്റെ വിലവിവരങ്ങൾ പുറത്തുവിട്ടതോടെ ഗെയിമിംഗ് ലോകത്ത് ചർച്ചകൾ കൊഴുക്കുകയാണ്. 2026 നവംബർ 19നാണ് ഗെയിം ഔദ്യോഗികമായി റിലീസ് ചെയ്യുന്നത്.
ജെയ്സൺ, ലൂസിയ എന്നീ കഥാപാത്രങ്ങളുടെ വൈസ് സിറ്റിയിലെ പുതിയ സാഹസികതകൾ കാണാൻ ആരാധകർക്ക് ആവേശമുണ്ടെങ്കിലും ഗെയിമിന്റെ വില പലരിലും നിരാശയുണ്ടാക്കിയിട്ടുണ്ട്. പ്രധാനമായും രണ്ട് പതിപ്പുകളിലാണ് ഗെയിം വിപണിയിലെത്തുന്നത്.
ഗെയിമിന്റെ അടിസ്ഥാന കഥയടങ്ങുന്ന സ്റ്റാൻഡേർഡ് പതിപ്പിന് ഏകദേശം 79.99 ഡോളറോളമാണ് (7,557 രൂപ) വില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ 99.99 ഡോളർ (9,445 രൂപ) വിലവരുന്ന പ്രീമിയം അൾട്ടിമേറ്റ് പതിപ്പിൽ മാത്രമാണ് പ്രത്യേക വാഹനങ്ങൾ, മിഷനുകൾ, ആയുധങ്ങൾ, മാപ്പിലെ ചില കടകൾ, ലൊക്കേഷനുകൾ എന്നിവ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗെയിമിലെ പ്രധാന വിനോദങ്ങൾ അധിക പണത്തിന് പിന്നിൽ ഒളിപ്പിച്ചു എന്ന പേരിൽ വലിയ വിമർശനമാണ് റോക്ക്സ്റ്റാർ ഇപ്പോൾ നേരിടുന്നത്. എന്നാൽ ഭീമമായ ഈ വിലയ്ക്ക് പിന്നിൽ ഗെയിമിന്റെ നിർമ്മാണച്ചെലവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജിടിഎ 6-ന്റെ നിർമ്മാണത്തിനും ആഗോള മാർക്കറ്റിംഗിനുമായി ഏകദേശം 100 കോടി മുതൽ 200 കോടി വരെ യു.എസ് ഡോളർ (ഏകദേശം 8,000 കോടി മുതൽ 16,000 കോടിയിലധികം ഇന്ത്യൻ രൂപ) കമ്പനി മുടക്കിയിട്ടുണ്ടെന്നാണ് വിപണിയിലെ വിലയിരുത്തലുകൾ.
ഇതോടെ ലോകചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പണം മുടക്കി നിർമ്മിക്കുന്ന വിനോദസൃഷ്ടികളിലൊന്നായി ഈ ഗെയിം മാറിയിരിക്കുകയാണ്.
എങ്കിലും തുടക്കത്തിൽ വലിയ തുക ഒന്നിച്ച് മുടക്കാൻ കഴിയാത്ത സാധാരണക്കാരായ ഗെയിമർമാർക്ക് ആശ്വാസമായി മറ്റൊരു പ്രഖ്യാപനവും കമ്പനി നടത്തിയിട്ടുണ്ട്.
തുടക്കത്തിൽ സാധാരണ പതിപ്പ് വാങ്ങുന്നവർക്ക് പിന്നീട് ബാക്കി തുക മാത്രം നൽകി പ്രീമിയം പതിപ്പിലേക്ക് മാറാനുള്ള അപ്ഗ്രേഡ് സൗകര്യം റോക്ക്സ്റ്റാർ ഒരുക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ പ്രീ-ഓർഡറുകൾ ആരംഭിക്കുന്നതോടെ ഈ വിലനിർണയ രീതി സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചയാകാൻ സാധ്യതയുണ്ട്.
Tags : GTA6 RockstarGames GTAVI GamingNews GrandTheftAuto