തമിഴകത്തിന്റെ പ്രിയ നായകനും സംഗീത സംവിധായകനുമായ ജി.വി. പ്രകാശിന്റെ പുതിയ തമിഴ് ചിത്രം 'നിഞ്ച'യുടെ ചിത്രീകരണം ആരംഭിച്ചു. പൂജാ ചടങ്ങുകളോടെയാണ് സിനിമയുടെ ഷൂട്ടിംഗിനു തുടക്കമായത്. നേരത്തെ നടൻ ഭരത് പ്രധാന വേഷത്തിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, പിന്നീട് പ്രകാശ് നായകസ്ഥാനത്തേക്ക് എത്തുകയായിരുന്നു. 'ഹാപ്പി രാജ്' എന്ന ചിത്രത്തിനുശേഷം പ്രാർഥന നാഥൻ വീണ്ടും ജി.വി. പ്രകാശിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മുരുഗു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം സോൾജിയേഴ്സ് ഫാക്ടറിയുടെയും ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻസിന്റെയും ബാനറിൽ കെ.എസ്. സിനിഷ്, എസ്. സായ് ദേവാനന്ദ് എന്നിവർ ചേർന്നു നിർവഹിക്കുന്നു. ജി.വി. പ്രകാശ് നായകനായി മാറിയതോടെ സംഗീത സംവിധായകന്റെ ചുമതല ഷാൻ റോൾഡന്‍ കൈമാറി. ഒരു നായ പ്രധാന കഥാപാത്രമായി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നൽകുന്ന സൂചന.
ഹരീഷ് കണ്ണൻ ഛായാഗ്രഹണവും ഗണേഷ് ശിവ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് ഗോപി ആനന്ദാണ് കലാസംവിധാനം ഒരുക്കുന്നത്. സെപ്റ്റംബർ നാലിനു റിലീസ് ചെയ്യുന്ന 'ഇമ്മോർട്ടൽ' ആണ് ജി.വി. പ്രകാശിന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഇതുകൂടാതെ വെക്കൈ, മെന്റൽ മനസിൽ, കാതലിക്ക യാരുമില്ലൈ തുടങ്ങിയ നിരവധി പ്രോജക്ടുകളും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.