ടെൽ അവീവ്: ബെഞ്ചമിൻ നെതന്യാഹു ഇസ്രയേൽ പ്രധാനമന്ത്രിപദത്തിൽ തുടരാനുള്ള സാധ്യത മങ്ങി. സർക്കാർ രൂപവത്കരണത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ തയാറല്ലെന്ന് ഭൂരിഭാഗം പാർലമെന്റ് അംഗങ്ങളും അറിയിച്ചു. പകരം, പ്രതിപക്ഷനേതാവ് ഗാദി ഐസൻകോട്ട് സർക്കാരുണ്ടാക്കട്ടെയെന്നാണ് എംപിമാരുടെ നിലപാട്.
സർക്കാർ രൂപവത്കരിക്കാൻ നേതാവിനെ ക്ഷണിക്കുന്നത് പ്രസിഡന്റ് ഐസക് ഹെർസോഗ് ആണ്. തീരുമാനം നാളെ അറിയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.
120 അംഗ പാർലമെന്റായ നെസെറ്റിൽ ഭൂരിപക്ഷത്തിന് 61 പേരുടെ പിന്തുണയാണു വേണ്ടത്. സർക്കാർ രൂപവത്കരണത്തിന് ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ തയാറാണെന്ന് 67 എംപിമാർ അറിയിച്ചു. നെതന്യാഹുവിന് 46 പേരുടെ പിന്തുണയേ ലഭിച്ചിട്ടുള്ളൂ.
കഴിഞ്ഞ മാസം 27ന് നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെയോ ഐസൻകോട്ടിന്റെയോ സഖ്യങ്ങൾക്കു ഭൂരിപക്ഷം നേടാനായില്ല. പലസ്തീൻ അറബ് വംശജരുടെ പാർട്ടികൾ അപ്രതീക്ഷിതമായി 19 സീറ്റുകൾ നേടുകയും ചെയ്തു.
അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ ഉണ്ടാക്കില്ലെന്ന് ഐസൻകോട്ട് നിലപാട് എടുത്തിട്ടുണ്ട്. പക്ഷേ, ഇപ്പോൾ പിന്തുണ അറിയിച്ചവരിൽ ഈ പാർട്ടികളിലെ 19 എംപിമാരുമുണ്ട്. നെതന്യാഹുവിന്റെ ക്രിമിനൽ ഭരണകൂടത്തെ പുറത്താക്കാനാണ് ഐസൻകോട്ടിനെ പിന്തുണയ്ക്കുന്നതെന്ന് അറബ് പാർട്ടി നേതാക്കൾ പറഞ്ഞു.
ഐസൻകോട്ടിന് ഭൂരിപക്ഷ പിന്തുണയുണ്ടെങ്കിലും പ്രസിഡന്റ് ഹെർസോഗ് നാളെ തീരുമാനം പ്രഖ്യാപിക്കുന്നതുവരെ ഉദ്വേഗം തുടരും. ഇതിനിടെയുള്ള ദിവസങ്ങളിൽ വിവിധ പാർട്ടി നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്.