സമാധാനദൂതനായി മഹാത്മാഗാന്ധിയെ രൂപപ്പെടുത്തുന്നത് ദക്ഷിണാഫ്രിക്കന്‍ നഗരമായ ഡര്‍ബനാണ്. മറ്റൊരു കാലത്താണെങ്കിലും അതേ നഗരത്തില്‍ ജനിച്ചുവളര്‍ന്ന നവനീതം (നവി) പിള്ളയെന്ന ദക്ഷിണാഫ്രിക്കന്‍ നിയമജ്ഞ ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നു. ഇന്ത്യയില്‍നിന്ന് കുടിയേറിയ ഒരു കുടുംബത്തിലെ ഇളമുറക്കാരിയെന്ന നിലയില്‍ ഗാന്ധിയന്‍ സ്വാധീനം അവരില്‍ പ്രതിഫലിച്ചിട്ടുണ്ടാകാം.
1893ല്‍ യുവ അഭിഭാഷകനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഡര്‍ബനില്‍ എത്തുമ്പോള്‍ വര്‍ണവിവേചനം അതിന്റെ എല്ലാ ക്രൗര്യത്തോടെയും ദക്ഷിണാഫ്രിക്കയെ ചൂഴ്ന്നുനില്ക്കുകയായിരുന്നു. പീറ്റര്‍മാരിസ്ബര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ഗാന്ധിയും അതിനിരയായി. വെള്ളക്കാരനല്ലെന്നതു മാത്രമായിരുന്നു ഒന്നാംക്ലാസ് കംപാര്‍ട്ട്മെന്റിൽനിന്ന് അദ്ദേഹത്തെ പുറത്താക്കാനുണ്ടായ കാരണം. അന്നത്തെ തണുപ്പന്‍ രാത്രിയില്‍ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയില്‍ തുടങ്ങിയ സമാധാനപരമായൊരു സത്യഗ്രഹമാണ് ഇന്ന് ലോകം അംഗീകരിക്കുന്ന ഗാന്ധിയന്‍ സമരമുറ.
ഡര്‍ബനിലെ കണ്ണില്ലാത്ത വര്‍ണവിവേചനത്തിന്റെ ഇരയാണു നവി പിള്ളയും. ശിഷ്ടജീവിതവും ഇതിനെതിരേയുള്ള വലിയൊരു സത്യഗ്രഹമായി മാറ്റുന്പോൾ ഗാന്ധിയൻ ആദർശം അവരെ പിന്തുടർന്നിരുന്നു. വര്‍ണവിവേചനം, വംശഹത്യ, ലൈംഗികചൂഷണം തുടങ്ങിയ കൊടിയ കുറ്റങ്ങള്‍ക്കെതിരേ നിയമംകൊണ്ടാണ് നവി പിള്ള പോരാടിയത്.
വര്‍ണവിവേചനത്തിന്റെ ചെളിക്കുണ്ടില്നിന്നുള്ള ദക്ഷിണാഫ്രിക്കയുടെ പരിവര്‍ത്തനം അതിൽ നിർണായകമായി എന്നു മാത്രം. രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി അധികാരമേറ്റ നെല്‍സണ്‍ മണ്ടേലയാണ് നവി പിള്ളയെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്. ഇതിനുശേഷം തന്നോട് വിവേചനം കാണിക്കുന്ന ഒരു നിയമവ്യവസ്ഥയെ നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് അവര്‍ നേരിട്ടു.
തൊട്ടുപിന്നാലെ രാജ്യാന്തര നീതിന്യായ കോടതികളിലേക്കു നവി പിള്ളയുടെ സേവനം എത്തി. 1999 മുതല്‍ 2003 വരെ റുവാണ്ടയ്ക്കു വേണ്ടിയുള്ള യുഎന്‍ രാജ്യാന്തര ട്രൈബ്യൂണലിന്റെ പ്രസിഡന്റായി നവി പിള്ള സേവനമനുഷ്ഠിച്ചു. 2003 മുതല്‍ 2008 വരെ രാജ്യാന്തര ക്രിമിനല്‍ കോടതിയിലെ അപ്പീല്‍ ചേംബര്‍ ജഡ്ജിയായി. 2008 മുതല്‍ 2014 വരെ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണറും.
രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സംഘര്ഷരഹിതമായൊരു ലോകം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവരുടെ ഓരോ തീരുമാനവും, നിയമത്തിന്റെ കാർക്കശ്യത്തിൽനിന്ന് വ്യതിചലിക്കരുതെന്ന നിലപാടും. നൊബേല്‍ പുരസ്കാരം ലഭിച്ചശേഷമുള്ള പ്രതികരണത്തില്‍ വരെ അതു വായിച്ചെടുക്കാം. പുരസ്കാരം തനിക്കാണെന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ അതൊരു തമാശയാണെന്നു കരുതിയെന്നാണ് നവി പിള്ള പ്രതികരിച്ചത്. ഒരു അഭിഭാഷകയും ജഡ്ജിയുമായതിനാല് വാസ്തവമാണെന്ന് ഉറപ്പുവരുത്താന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറയുകയായിരുന്നു.