District News
കാസർഗോഡ്: കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണങ്ങൾ എത്തിച്ചുനൽകാമെന്നുപറഞ്ഞ് ആളുകളെ നേരിട്ടു ബന്ധപ്പെട്ട് വ്യാജസ്വർണം നൽകി പണംതട്ടുന്ന കർണാടക സ്വദേശികളായ നാലംഗ സംഘം പിടിയിൽ. മാണ്ഡ്യ സ്വദേശികളായ അർജുൻ സോളങ്കി (30), ഗണേഷ് സോളങ്കി (53), ജീവൻലാൽ (62), ഹരിലാൽ (37) എന്നിവരെയാണ് കാസർഗോഡ് പോലീസ് പിടികൂടിയത്.
ഏതാനും ദിവസങ്ങൾക്കുമുമ്പ് കാഞ്ഞങ്ങാട്ടെ ഒരു സ്ഥാപനത്തിൽ ഇവർ ആഭരണം വിൽക്കാനെത്തിച്ചപ്പോൾ സംശയം തോന്നി പോലീസിൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പള്ളിക്കരയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന സംഘത്തെ കണ്ടെത്തിയത്. വ്യാജ ആഭരണങ്ങൾ വില്പന നടത്താനായി കൊണ്ടുപോകുമ്പോൾ കാസർഗോഡ് ചന്ദ്രഗിരി റോഡ് ജംഗ്ഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
സംഘത്തിന്റെ കൈയിൽനിന്ന് കോപ്പറും കാഡ്മിയവും ഉപയോഗിച്ച് നിർമിച്ച ആറേമുക്കാൽ കിലോ വ്യാജ ആഭരണങ്ങളും ഏഴ് ഗ്രാം യഥാർഥ സ്വർണവും കണ്ടെത്തി. ആവശ്യക്കാർക്ക് ആദ്യം പരിശോധിക്കാൻ നൽകുന്നത് യഥാർഥ സ്വർണം തന്നെയാണ്. കച്ചവടമുറപ്പിച്ച് പണം വാങ്ങിയതിനു ശേഷമാണ് വ്യാജ ആഭരണങ്ങൾ നൽകുന്നത്.
സ്വർണമല്ലെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് ഇവയും നിർമിച്ചിരിക്കുന്നത്. ജ്വല്ലറികളിൽ നിന്ന് കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണങ്ങൾ എത്തിച്ചുനൽകാമെന്നു പറഞ്ഞാണ് ഇവർ ആവശ്യക്കാരെ ബന്ധപ്പെടുന്നത്. പിടിയിലായ സംഘത്തെ പോലീസ് ചോദ്യംചെയ്തു വരികയാണ്.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ ആക്രമിച്ച് ബൈക്കും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. പാൽവിതരണക്കാരൻ ആയ മാങ്കുളം സ്വദേശി കബീറിനെ ആക്രമിച്ചായിരുന്നു കവർച്ച.
രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. പോലീസ് ആണെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം കബീറിനെ തടഞ്ഞത്. പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു.
20,000 രൂപയും മൊബൈൽ ഫോണും സ്കൂട്ടിയും സംഘം കവർന്നു. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: മുറ്റിച്ചൂരിൽ കാറിൽ എത്തിയ സംഘം ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്നുലക്ഷം രൂപ കവർന്നതായി പരാതി. വാടാനപ്പള്ളിയിൽ ഗോൾഡ് പോളിഷിംഗ് സ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അക്ഷയ്യുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തതായി പറയുന്നത്.
ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടർന്നിരുന്നതായും പരാതിയില്‍ പറയുന്നു. മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായിരുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
സംഭവത്തില്‍ അക്ഷയ്യെ അന്തിക്കാട് പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.