കൂരാച്ചുണ്ട്: പൊതുജനങ്ങളുടെ അടിയന്തര ആവശ്യമായ കൂരാച്ചുണ്ട് പഞ്ചായത്ത് ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യമാകുന്നു. പദ്ധതിയുടെ ടെൻഡർ, എഗ്രിമെന്റ് ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തിയായതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. വട്ടച്ചിറ പൊന്നുണ്ടമലയിലുള്ള പഞ്ചായത്ത് വക ഭൂമിയിലെ 25 സെന്റ് സ്ഥലത്താണ് ഗ്യാസ് ക്രിമറ്റോറിയം നിർമിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പദ്ധതി പ്രദേശത്തെ പാറ പൊട്ടിച്ചു നീക്കുന്നതിനായുള്ള സർവേ നടത്തിയിരുന്നു.
രണ്ടര കോടിയോളം രൂപയാണ് നിർമാണത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇംപാക്ട് കേരളയുടെ മേൽനോട്ടത്തിലായിരിക്കും നിർമാണ പ്രവൃത്തി. പൊതുശ്മശാന നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രാരംഭ നടപടികൾ ആരംഭിച്ചുവെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊതുശ്മശാനം സംയുക്ത സമരസമിതി നേതാക്കൾ ശ്മശാനഭൂമി സന്ദർശിച്ചു.
നിർമാണം ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പഞ്ചായത്ത് ഭരണസമിതിയെ വിശ്വാസമുണ്ടെന്നും സമരസമിതി നേതാക്കളായ അശോകൻ കുറുങ്ങോട്ട്, ഷിബു ജോർജ് കട്ടയ്ക്കൽ, പി.കെ. ഗോപാലൻ, ബൈജു കല്ലാനോട്, സതീഷ് പുതുക്കുടിമീത്തൽ എന്നിവർ അറിയിച്ചു.