മലയാളികളുടെയും തെന്നിന്ത്യൻ സിനിമാപ്രേമികളുടെയും പ്രിയപ്പെട്ട താരജോഡിയായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും പ്രണയവിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പരസ്പരമുള്ള സൗഹൃദവും പ്രണയവുമെല്ലാം തുറന്നുപറഞ്ഞുകൊണ്ട് ഇരുവരും നൽകിയ പുതിയ അഭിമുഖമാണ് ഇപ്പോൾ സിനിമാലോകത്തെ പ്രധാന ചർച്ചാവിഷയം. ആദ്യകാലങ്ങളിലെ അസ്വാരസ്യങ്ങളിൽ നിന്ന് ആഴത്തിലുള്ള പ്രണയത്തിലേക്കും വിവാഹതീരുമാനത്തിലേക്കും എത്തിയ യാത്ര താരങ്ങൾ ആരാധകരുമായി പങ്കുവച്ചു.
തങ്ങളുടെ ബന്ധത്തിൽ തന്നേക്കാൾ കൂടുതൽ പക്വതയുള്ളത് രശ്മികയ്ക്കണെന്ന് വിജയ് ദേവരകൊണ്ട അഭിമുഖത്തിൽ വ്യക്തമാക്കി. "ദിവസം കുറഞ്ഞത് 10-15 തവണയെങ്കിലും അവൾ എന്നോട് 'ഐ ലവ് യു' എന്ന് പറയും. സ്നേഹമുണ്ടെങ്കിലും അത് വാക്കുകളിലൂടെ പ്രകടിപ്പിക്കേണ്ടതില്ലെന്ന് കരുതിയിരുന്ന എന്നെ, ആ ചെറിയ കാര്യങ്ങളുടെ പ്രാധാന്യം പഠിപ്പിച്ചത് അവളാണ്," വിജയ് പറഞ്ഞു. ചെറുപ്പത്തിൽ പ്രണയത്തിൽ വിശ്വാസമില്ലാതിരുന്ന തനിക്ക് പ്രായവും പക്വതയും എത്തിയപ്പോഴാണ് അതിന്റെ ആഴം മനസിലായതെന്നും, 36-ാം വയസിലാണ് വിവാഹത്തിന് പൂർണമായും തയാറാണെന്ന് തോന്നിയതെന്നും താരം കൂട്ടിച്ചേർത്തു.
ഇടയ്ക്ക് "ബേബി, നീ വൈകിപ്പോയി!" എന്ന രശ്മികയുടെ രസകരമായ ഇടപെടൽ അഭിമുഖത്തിൽ ചിരിപടർത്തി. വിവാഹം കഴിഞ്ഞാലും കുട്ടികളുണ്ടായാലും പങ്കാളിയോടുള്ള ചെറിയ അന്വേഷണങ്ങളും പരിഗണനകളും ഒരിക്കലും അവസാനിപ്പിക്കരുതെന്ന് രശ്മിക ഓർമിപ്പിച്ചു.
ഇരുവരും ആദ്യമായി ഒന്നിച്ച ഗീത ഗോവിന്ദം സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങളും താരങ്ങൾ പങ്കുവച്ചു. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് സെറ്റിൽ വച്ച് വിജയിയെ ആദ്യമായി കണ്ടപ്പോൾ 'സർ' എന്നാണ് വിളിച്ചിരുന്നതെന്ന് രശ്മിക ഓർത്തു. ആദ്യദിവസം കാരവാനിൽ വച്ച് താൻ കേട്ടിരുന്ന പാട്ട് നിർത്തിക്കാൻ വിജയ് പരുക്കനായി ആവശ്യപ്പെട്ടത് തന്നെ കരയിപ്പിച്ചിരുന്നതായും എന്നാൽ പിന്നീട് ഡയലോഗുകൾ പറഞ്ഞുതന്നും സൗഹൃദം സ്ഥാപിച്ചാണ് വിജയ് തന്നെ ചേർത്തുവച്ചതെന്നും രശ്മിക വെളിപ്പെടുത്തി.
ഗീത ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് രണബലി. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ പിരീഡ് ആക്ഷൻ ഡ്രാമ മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് നിർമിക്കുന്നത്. ചിത്രം 2026 ഒക്ടോബർ 16-ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.