ഗുരുവായൂർ: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ കടുത്ത നടപടിയുമായി മുന്നോട്ടുപോകുമെന്നു ആരോഗ്യമന്ത്രി കെ. മുരളീധരൻ.
രോഗിയെ ഗേറ്റിൽ തടഞ്ഞ താത്കാലിക ജീവനക്കാരനെ ഉടന്‍തന്നെ സർവീസിൽനിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.മുൻ എംഎൽഎയുടെ ശിപാർശയിൽ നിയമിക്കപ്പെട്ടയാളാണ് ഈ ജീവനക്കാരൻ.
രോഗിയുടെ ഇസിജി കൃത്യം 7.20ന് എടുത്തിരുന്നതായും, ഗേറ്റിൽ തടഞ്ഞതൊഴിച്ചാൽ മറ്റ് വീഴ്ചകൾ പ്രാഥമികമായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ അഡീഷണൽ ഡിഎച്ച്എസ്, ഡിഎംഒ, എച്ച്ഒഡി, സൂപ്രണ്ട് എന്നിവരോട് അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പഞ്ചായത്ത് പരിധിയിലെ ഹെൽത്ത് സെന്ററുകളിൽ സാമ്പത്തിക തടസമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.