ബർലിൻ∙ ജർമൻ ഫെഡറൽ പാർലമെന്റായ ബുണ്ടെസ്റ്റാഗ് സ്ഥിതി ചെയ്യുന്ന റൈഷ്സ്റ്റാഗ് മന്ദിരത്തിന് മുന്നിൽ ദേശീയ പതാക മാറ്റി പലസ്തീൻ പതാക ഉയർത്തിയ സംഭവത്തിൽ മൂന്ന് ജർമൻ പൗരന്മാർ അറസ്റ്റിൽ. രാജ്യത്തിന്റെ പ്രധാന ദേശീയ സ്മാരകങ്ങളിലൊന്നായ മന്ദിരത്തിന് മുന്നിലുണ്ടായ സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
ഞായറാഴ്ച രാവിലെ 11.15ഓടെയായിരുന്നു സംഭവം. 28.5 മീറ്റർ ഉയരമുള്ള പതാകമരത്തിൽ കയറിയ 22 വയസുകാരൻ ജർമനിയുടെ ദേശീയ പതാക അഴിച്ചുമാറ്റി പകരം പലസ്തീൻ പതാക ഉയർത്തുകയായിരുന്നു. ജർമൻ ഐക്യത്തിന്റെ പ്രതീകമായ 60 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കൂറ്റൻ പതാകയാണ് മാറ്റിയത്.
നിരവധി വിനോദസഞ്ചാരികൾ നോക്കിനിൽക്കെയാണ് ഒരു മണിക്കൂറിലേറെ പലസ്തീൻ പതാക ഇവിടെ പാറിയത്. സംഭവം 20ഉം 32ഉം വയസുള്ള മറ്റ് രണ്ട് പേർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും റിപ്പോർട്ടുണ്ട്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പൊലിസും ചേർന്ന് പതാക നീക്കം ചെയ്തു. തുടർന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.∙
പ്രതികൾ ജർമൻ പൗരന്മാർ
അറസ്റ്റിലായ മൂന്നുപേരും കുടിയേറ്റ പശ്ചാത്തലമില്ലാത്ത ജർമൻ പൗരന്മാരാണെന്ന് പൊലിസ് വ്യക്തമാക്കി. പലസ്തീനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് പതാക ഉയർത്തിയതെന്ന് 22 വയസുകാരനായ മുഖ്യപ്രതി പൊലിസിനോട് സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ദേശീയ ചിഹ്നങ്ങളെ അപമാനിക്കൽ, അതിക്രമിച്ചുകയറൽ, അനുമതിയില്ലാത്ത പ്രകടനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.