ബെര്‍ലിന്‍: ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണില്‍ വന്‍ സാങ്കേതിക തടസം. വെള്ളിയാഴ്ച രാത്രിയോടെയാണ് ജര്‍മ്മനിയിലുടനീളം ആമസോണിന്റെ സേവനങ്ങള്‍ ഭാഗികമായി തടസപ്പെട്ടത്.
സാധനങ്ങള്‍ തെരഞ്ഞെടുക്കാനും കാര്‍ട്ടില്‍ ചേര്‍ക്കാനും കഴിയുന്നുണ്ടെങ്കിലും പണമടച്ച് ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഓര്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍, ക്ഷമിക്കണം, സാങ്കേതിക തകരാര്‍ സംഭവിച്ചിരിക്കുന്നു.
ഞങ്ങള്‍ ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്ന സന്ദേശമാണ് സ്ക്രീനില്‍ തെളിയുന്നത്. ജര്‍മനിയിലെ തകരാറിന് തൊട്ടുമുമ്പ് ബ്രിട്ടനിലും സമാനമായ രീതിയില്‍ ആമസോണ്‍ സേവനങ്ങള്‍ തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ആയിരക്കണക്കിന് പരാതികള്‍
സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സൈറ്റായ "allestrungen.de'ല്‍ രാത്രിയോടെ ആയിരത്തിലധികം ആളുകള്‍ പരാതികള്‍ രേഖപ്പെടുത്തി. ചിലര്‍ക്ക് ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് സാധിക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.
എന്നാല്‍ ആമസോണിന്റെ സ്ട്രീമിംഗ് സേവനമായ 'ആമസോണ്‍ പ്രെെം വീഡിയോ' നിലവില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. തകരാറിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് ആമസോണ്‍ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.