വാഹന പരിശോധനയ്ക്കിടെ ട്രാഫിക് പൊലിസ് തടഞ്ഞതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ യുവാവ് സ്വന്തം വാഹനത്തിന് തീയിടുകയും മൂർച്ചയേറിയ ആയുധം വീശി ഭീതി പരത്തുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ഡൽഹിയിലെ ഗാസിപുരിലാണ് പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്.
ഗാസിപുർ അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ 'ഛോട്ടാ ഹാത്തി' എന്നറിയപ്പെടുന്ന ടാറ്റ എയ്സ് വാഹനം പരിശോധനയ്ക്കായി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഡ്രൈവറും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിൽ കുപിതനായ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയും വാഹനത്തിന് തീ കൊളുത്തുകയുമായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നതോടെ വാഹനം പൂർണമായും കത്തിയെരിഞ്ഞു.
തീപിടിച്ച വാഹനത്തിന് സമീപം നിന്ന് ഇയാൾ കൈയിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഇതുവഴി കടന്നുപോയ യാത്രക്കാർ പരിഭ്രാന്തരായി. ഈ അപ്രതീക്ഷിത സംഭവവികാസങ്ങൾ പ്രദേശത്തെ ഗതാഗതത്തെ പൂർണമായും സ്തംഭിപ്പിക്കുകയും മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിന് ഇടയാക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡരികിൽ വാഹനം കത്തിയെരിയുന്നതും, യാത്രക്കാർ വാഹനങ്ങൾ നിർത്തി മൊബൈൽ ഫോണുകളിൽ ഈ രംഗങ്ങൾ പകർത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.
കത്തുന്ന വാഹനത്തിന് സമീപം യുവാവ് ആയുധവുമായി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗാസിപുർ അതിർത്തിയിലുണ്ടായ ഈ സംഭവം പ്രദേശത്ത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.