തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിന് വീണ്ടും മിൽമയെ ആശ്രയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അടിയന്തരമായി ആവശ്യപ്പെട്ട 15,000 ലിറ്റർ നെയ്യിൽ 5,000 ലിറ്റർ ഇന്ന് ശബരിമലയിലേക്ക് അയക്കും. വിജിലൻസിന്റെ അനുമതി ലഭിച്ചതോടെയാണ് മിൽമയും ദേവസ്വം ബോർഡും തമ്മിൽ ധാരണയിലെത്തിയത്. കഴിഞ്ഞ വർഷം നെയ്യ് വഴിമധ്യേ മറിച്ചുവിറ്റെന്ന കേസിന്റെ പശ്ചാത്തലത്തിൽ ഇത്തവണ മിൽമ സ്വന്തം വാഹനത്തിൽ നേരിട്ട് പമ്പയിലെത്തിച്ചാണ് നെയ്യ് കൈമാറുക.
ശബരിമലയിലേക്ക് എത്തിക്കേണ്ട മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് പകരം ഗുണനിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചെന്ന കേസ് നിലനിൽക്കെയാണ് വീണ്ടും മിൽമയുമായി കരാറിലേർപ്പെടുന്നത്. നേരത്തെ മിൽമയെ ഒഴിവാക്കിയാണ് ദേവസ്വം ബോർഡ് റീടെൻഡർ ക്ഷണിച്ചത്. എന്നാൽ ടെൻഡറിൽ പങ്കെടുത്തത് നെയ്യ് ക്രമക്കേട് ആരോപണവിധേയനായ തമിഴ്നാട്ടിലെ കരാറുകാരനായിരുന്നു. ഇതോടെ റീടെൻഡർ നടപടികൾ ബോർഡ് ഒഴിവാക്കി.
പിന്നീട് വിളിച്ച ടെൻഡറിലും മറ്റാരും പങ്കെടുക്കാതിരുന്നതോടെയാണ് മിൽമയെ വീണ്ടും ആശ്രയിക്കാൻ തീരുമാനിച്ചത്. മുൻവർഷത്തെ ക്രമക്കേട് വിവാദം ആവർത്തിക്കാതിരിക്കാനാണ് മിൽമയുടെ സ്വന്തം വാഹനത്തിൽ നെയ്യ് പമ്പയിലെത്തിക്കുന്നത്. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റേതുൾപ്പെടെയുള്ള ഗുണനിലവാര പരിശോധനകൾ കർശനമായി പൂർത്തിയാക്കിയ ശേഷമായിരിക്കും നെയ്യ് കൈമാറുക.
ആകെ 50,000 ലിറ്റർ നെയ്യാണ് ദേവസ്വം ബോർഡ് മിൽമയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ആവശ്യങ്ങൾക്ക് മതിയാകുമോയെന്ന് വിലയിരുത്തിയ ശേഷമേ കൂടുതൽ നെയ്യ് വാങ്ങാനുള്ള കരാറിൽ ഏർപ്പെടുകയുള്ളൂ. ലിറ്ററിന് 660 രൂപയാണ് മിൽമ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.