കോഴിക്കോട്: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ഡെലിവറി, റൈഡ് ഷെയറിംഗ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന ഗിഗ് തൊഴിലാളികള്‍ക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ആധുനിക രീതിയിലുള്ള വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണു വിശ്രമകേന്ദ്രങ്ങളൊരുക്കുക.
തൊഴില്‍ വകുപ്പ് തയാറാക്കിയ പദ്ധതി നടപ്പാക്കാന്‍ 2026-27 സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുള്ള ഒരു കോടി രൂപയാണു വിനിയോഗിക്കുക. വിശ്രമകേന്ദ്രങ്ങളുടെ നടത്തിപ്പ്, കെയര്‍ടേക്കര്‍-കം-ഫെസിലിറ്റേറ്ററുടെ യും സ്വീപ്പര്‍-കം-സാനിറ്റേഷന്‍ വര്‍ക്കറുടെയും സേവന-വേതന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലേബര്‍ കമ്മീഷണറേറ്റ് ഉടന്‍ പുറപ്പെടുവിക്കും. വിശ്രമകേന്ദ്രങ്ങള്‍ക്ക് ആവശ്യമായ കംപ്യൂട്ടറുകളും മറ്റ് ഐടി ഉപകരണങ്ങളും ഐടി വകുപ്പിന്റെ അനുമതിയോടെ വാങ്ങും.
പൂര്‍ണസമയ ജോലിയല്ലാതെ ഫുഡ് ഡെലിവറി, ഇ കൊമേഴ്സ് പോലുള്ള ജോലികള്‍ ചെയ്യുന്ന സ്വതന്ത്ര കരാര്‍ തൊഴിലാളികളാണ് ഗിഗ് തൊഴിലാളിൾ. ഗിഗ് മേഖലയിലെ തൊഴിലാളികള്‍ വിവിധങ്ങളായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.
ഗിഗ് തൊഴിലാളികള്‍ക്ക് ഔപചാരിക സുരക്ഷാവലയം ഒരുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. അപകട ഇന്‍ഷുറന്‍സ്, ആരോഗ്യ പരിരക്ഷ, വയോജന സുരക്ഷ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്.