ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പരാമർശിച്ച് സന്ദീപ് ദീക്ഷിത്തും നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം.
നയതന്ത്ര ബന്ധങ്ങളിൽ പരസ്പര ബഹുമാനവും ധാരണയും നിലനിർത്തേണ്ടത് പ്രധാനമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ കൂടുതൽ ശക്തിപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്നതാണ് വിദേശനയമെന്ന ആശയം പ്രധാനമന്ത്രിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് കൺവെൻഷനിൽ രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.
രാഹുൽ ഗാന്ധി വേദിയിലുണ്ടായിരുന്ന സന്ദീപ് ദീക്ഷിത്തിനെ കെട്ടിപ്പിടിച്ചപ്പോൾ, ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയാണെന്ന് കരുതിയാണോ കെട്ടിപ്പിടിച്ചതെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചതാണ് വിവാദമായത്. ഇതിന്, താൻ ആ നിലയിലെത്തിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.