ഗുജറാത്തിലെ ഗിർ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ബൈക്കുകൾ കുറുകെ നിർത്തി സിംഹത്തിന്റെ വഴി തടയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വന്യജീവി സംരക്ഷണ മാനദണ്ഡങ്ങളെയും മനുഷ്യരുടെയും മൃഗങ്ങളുടെയും സുരക്ഷയെയും മുൻനിർത്തി വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിയൊരുക്കിയിരിക്കുന്നത്.
മറ്റൊരു ആൺസിംഹത്തിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച സിംഹത്തെയാണ് ഉദ്യോഗസ്ഥർ ബൈക്കുകൾ ഉപയോഗിച്ച് ആവർത്തിച്ച് പിന്തിരിപ്പിച്ചത്. ആ പ്രദേശത്ത് സിംഹക്കുട്ടികൾ ഉണ്ടായിരുന്നതായും, അവയ്ക്ക് നേരെയുണ്ടായേക്കാവുന്ന ആക്രമണം ഒഴിവാക്കി സംരക്ഷണം നൽകാനാണ് വനപാലകർ ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഗൗരവ് ഭരദ്വാജ് എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധിപ്പേരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യം നല്ലതാണെങ്കിലും, ഇത്തരത്തിൽ സിംഹത്തെ തടയുന്നത് അപകടകരമാണെന്നും വന്യജീവി ചട്ടങ്ങളുടെ ലംഘനമാകാൻ സാധ്യതയുണ്ടെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ, മനുഷ്യരുടെ ഇത്രയടുത്തുള്ള സാന്നിധ്യത്തോട് സിംഹം യാതൊരു പ്രകോപനവുമില്ലാതെ പ്രതികരിച്ചതിൽ അദ്ദേഹം അത്ഭുതം രേഖപ്പെടുത്തുകയും ചെയ്തു.
വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും സമ്മിശ്ര പ്രതികരണങ്ങളാണ് നിറയുന്നത്. വനപാലകരുടെ ഇടപെടൽ പ്രോട്ടോക്കോളുകൾക്ക് വിരുദ്ധമാണെന്ന് ഒരു വിഭാഗം വിമർശിക്കുമ്പോൾ, സിംഹക്കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഉദ്യോഗസ്ഥർ കാണിച്ച ധൈര്യത്തെയും മൃഗങ്ങളുടെ സ്വഭാവരീതികളെക്കുറിച്ചുള്ള അവരുടെ കൃത്യമായ ധാരണയെയും മറ്റൊരു വിഭാഗം പ്രശംസിക്കുന്നു. ഗിർ മേഖലയിലെ ജനങ്ങളും സിംഹങ്ങളും തമ്മിലുള്ള സവിശേഷമായ സഹവർത്തിത്വത്തെക്കുറിച്ചും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
കൃഷിയിടങ്ങളിലേക്ക് സസ്യഭുക്കുകളായ വന്യമൃഗങ്ങൾ കയറുന്നത് തടയാൻ സിംഹങ്ങളുടെ സാന്നിധ്യം സഹായിക്കുന്നതിനാൽ, പ്രദേശത്തെ കർഷകർ പോലും അവയെ ഒരു ശല്യമായി കാണാറില്ലെന്നും സ്വാഗതം ചെയ്യാറുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. തന്നെ തടഞ്ഞ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ മുതിരാതെ, സിംഹം വളരെ ശാന്തമായി ദിശ മാറി നടന്നുപോയത് കാഴ്ചക്കാരിൽ വലിയ കൗതുകവും ആശ്ചര്യവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.