കോൽക്കത്ത: പശ്ചിമബംഗാളിലെ ബാരുപുരിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസിൽ ഒരാളെക്കൂടി പോലീസ് പിടികൂടി. മൂന്നുപേരെ ചോദ്യംചെയ്തുവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ആറംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. കേസിൽ ഞായറാഴ്ച രാത്രിയാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.
24 പർഗനാസ് ജില്ലയിലെ ബാരുപുരിൽ സൂര്യപുർ ഹാത്ത് മേഖലയിൽ ചാക്കിൽകെട്ടിയ നിലയിൽ കഴിഞ്ഞദിവസമാണു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ ത്തെത്തുടർന്ന് മേഖലയിൽ വ്യാപക പ്രതിഷേധം ഉടലെടുത്തു.
ടയറുകൾ കത്തിച്ച് റോഡ് ഗതാഗതം തടഞ്ഞ നാട്ടുകാർ, പോലീസ് വാഹനങ്ങളും ആക്രമിച്ചു. പെൺകുട്ടിയെ ആക്രമിച്ചവരുടെ സംഘത്തിലുണ്ടെന്ന സംശയത്തിൽ ഒരാളെ ജനക്കൂട്ടം അടിച്ചു കൊന്നു.