കോഴിക്കോട്: എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കർഷക പെൻഷൻ പദ്ധതിയെ യുഡിഎഫും കൈവിടുന്നോ? ബജറ്റിൽ കേരള കർഷക ക്ഷേമനിധി ബോർഡിനുള്ള തുക വെട്ടിച്ചുരുക്കി. ഇതോടെ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.
എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ ബോർഡിനുള്ള വിഹിതം രണ്ടു കോടിയാക്കിയിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ 50 ലക്ഷമായി ചുരുക്കി. ഇതോടെ, ബോർഡിന്റെ തുടർപ്രവർത്തനങ്ങൾക്കു ഫണ്ടില്ലാതായിരിക്കുകയാണ്.
ജീവനക്കാർക്കുള്ള ശന്പളത്തിനു പോലും ഈ തുക തികയില്ലെന്നാണ് പറയുന്നത്. 2023ൽ ഡയറക്ടർ ബോർഡിന്റെ കാലാവധി തീർന്നെങ്കിലും എൽഡിഎഫ് സർക്കാർ തുടരാൻ അനുവദിക്കുകയായിരുന്നു.
നിലവിലുള്ള, ഡയറക്ടർ ബോർഡ്തന്നെയാണു തുടരുന്നത്. 2021ൽ അംശദായം അടച്ചുതുടങ്ങി 60 വയസ് കഴിഞ്ഞ 294 പേർക്ക് ഈ വർഷം ഡിസംബർ ഒന്നു മുതൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടതാണ്. ഓരോ മാസം കഴിയുന്പോൾ പെൻഷൻ നല്‍കേണ്ടവരുടെ എണ്ണത്തിൽ വർധനയുണ്ടാകും.
എന്നാൽ, കൊടുക്കേണ്ട തുകയെക്കുറിച്ചോ നല്‍കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചോ ഇതുവരെയും ധാരണയായില്ല.
രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 2021ലാണ് കർഷക പെൻഷൻ പദ്ധതി ആരംഭിച്ചത്.
സംസ്ഥാനത്ത് തൃശൂർ പ്രധാനപ്പെട്ട ഓഫീസും കോഴിക്കോടും തിരുവനന്തപുരവും റീജണൽ ഓഫീസുമായിട്ടായിരുന്നു കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം.
പദ്ധതി തുടങ്ങിയപ്പോൾത്തന്നെ പെൻഷൻ തുകയുടെ പരിധിയും ആനുകൂല്യങ്ങളുടെ രീതിയും അടങ്ങുന്ന ഫയൽ തയാറാക്കിയെങ്കിലും ധനവകുപ്പ് ഇതിനെ അനുമതി കൊടുത്തിരുന്നില്ല.