ന്യൂഡല്‍ഹി: ഭര്‍ത്താവ് ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിനെയും പത്തും ആറും വയസുണ്ടായിരുന്ന രണ്ട് ആണ്മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി ധാരാ സിംഗ് അടക്കമുള്ള ബജ്രംഗ്ദള് പ്രവര്‍ത്തകരായ അക്രമിസംഘത്തോടു പൂര്‍ണമായി ക്ഷമിച്ച ഗ്ലാഡിസ് സ്റ്റെയിന്‍സിന്റെ നടപടി ലോകത്തിനാകെ മാതൃകയായി.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരോടു വിദ്വേഷമോ കയ്പോ ഇല്ലെന്ന് ഓസ്ട്രേലിയക്കാരിയായ ഗ്ലാഡിസ് പറഞ്ഞു.
“ധാരാ സിംഗിനോടു ഞാന്‍ ക്ഷമിച്ചു. ക്ഷമയിലൂടെയാണു മുറിവുകള്‍ ഉണങ്ങുന്നത്. നമ്മള് ക്ഷമിച്ചില്ലെങ്കില്‍, നമ്മുടെ മനസ് കയ്പുള്ളതായിത്തീരും. ക്ഷമിക്കുമ്പോള്‍ ആ കയ്പ് ഇല്ലാതാകുകയും നമ്മള് ജീവിതം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നു”- ഒഡീഷയില്‍ ബാരിപാദയിലെ വീട്ടിലിരുന്ന് മകള്‍ എസ്തറിനെ ഒപ്പമിരുത്തി ഗ്ലാഡിസ് പറഞ്ഞു.
“ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ സ്നേഹവും വല്ലാതെ മിസ് ചെയ്യുന്നുണ്ട്.
അച്ഛന് തിരികെ വരണമെന്ന് എന്റെ മകള്‍ക്ക് അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. സ്വര്‍ഗത്തില്‍ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടും. ആ ചിന്ത എനിക്ക് ആശ്വാസം നല്കുന്നു-”ഗ്ലാഡിസ് വിശദീകരിച്ചു.
ഭര്‍ത്താവും രണ്ട് ആണ്മക്കളും കൊല്ലപ്പെടുമ്പോള്‍ 47 വയസായിരുന്ന ഗ്ലാഡിസിന് ഇപ്പോള്‍ 73 വയസുണ്ട്. ബാരിപാദയിലെ ഗ്രഹാം സ്റ്റെയിന്‍സ് മെമ്മോറിയല്‍ ആശുപത്രിയിലും അദ്ദേഹത്തിന്റെയും മക്കളുടെയും ശവകുടീരത്തിലുമെത്തി ഗ്ലാഡിസും മകള്‍ എസ്തറും മുടങ്ങാതെ പ്രാര്ഥിക്കാറുണ്ട്.