കൊച്ചി: ആഗ്രഹങ്ങൾക്കനുസരിച്ച് കൂടുതൽ കാര്യങ്ങൾ നിർവഹിക്കണമെന്നും എന്തെങ്കിലുമൊക്കെ ചെയ്തുതുടങ്ങുന്നവരാണ് പിന്നീട് പുതിയ ഉയരങ്ങൾ കീഴടക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.
വിദ്യാര്‍ഥികളിലെ സംരംഭകത്വവും നവീകരണ ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിന് ടൈ യംഗ് എന്റര്‍പ്രണേഴ്സ് (ടിവൈഇ) കൊച്ചിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഡിജിറ്റല്‍ ഹബ്ബില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംരംഭകത്വമെന്നതിലൂടെ ടൈ ഉദ്ദേശിക്കുന്നത് സ്ഥാപനമോ പുതിയ പദ്ധതിയോ ആരംഭിക്കുന്നതു മാത്രമല്ലെന്നും വിദ്യാർഥികളുടെ സമഗ്ര വികസനം കൂടിയാണെന്നും മന്ത്രി പറഞ്ഞു. സാധ്യതകൾ അന്വേഷിക്കുന്നവരെയല്ല സാധ്യതകൾ സൃഷ്ടിക്കുന്നവരെയാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. സംരംഭകത്വ പ്രോത്സാഹനത്തിന് സർക്കാർ വലിയ പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകത്വം വിദ്യാഭ്യാസസമ്പ്രദായത്തിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം) സഹകരണത്തോടെയാണു ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സ് (ടൈ) കേരള ചാപ്റ്റർ ഗ്ലോബല്‍ സമ്മിറ്റ് സംഘടിപ്പിച്ചത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് അംബിക, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടിവൈഇ കേരള ചെയർ വിനോദിനി സുകുമാര്‍, ടൈ കേരള വൈസ് പ്രസിഡന്റ് ഡോ. ജീമോന്‍ കോര, ടൈ ഗ്ലോബൽ പ്രതിനിധി പിയാലി ചതോപാധ്യായ്, നാവൽട്ട് ബോട്ട്സ് സിഇഒ സന്ദിത് തണ്ടാശേരി എന്നിവർ പ്രസംഗിച്ചു.
വിവിധ വിദ്യാർഥി സ്റ്റാർട്ടപ്പ് സ്ഥാപകരെയും പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു. ഉച്ചകോടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സ്കൂള്‍ സ്റ്റാര്‍ട്ടപ്പ് ടീമുകളും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം വിദ്യാര്‍ഥികളും പങ്കെടുത്തു.