കോട്ടയം: ഉത്തരവാദിത്വ ടൂറിസം രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ആഗോള വ്യക്തിഗത പുരസ്കാരം മലയാളിയായ കെ. രൂപേഷ് കുമാറിന്.
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്സിബിള് ടൂറിസം (ഐസിആര്‍ടി ഗ്ലോബല്‍) ഏര്‍പ്പെടുത്തിയ പയനിയറിംഗ് കോണ്ട്രിബ്യൂഷന് ടു റെസ്പോണ്സിബിള് ടൂറിസം പുരസ്കാരം ലണ്ടനില്‍ നടന്ന ആഗോള സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. കേരള ഉത്തരവാദിത്വ ടൂറിസം മിഷന് സൊസൈറ്റി സിഇഒയാണ് കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശിയായ രൂപേഷ് കുമാര്‍.
2008ല്‍ കുമരകത്തെ ഉത്തരവാദിത്വ ടൂറിസം കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം, കേരളത്തില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ടൂറിസം വികസനത്തിന് നിര്‍ണായക സംഭാവനകള്‍ നല്കി.
2012ല്‍ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന് കോ-ഓര്‍ഡിനേറ്ററായി നിയമിതനായി. 2017ല്‍ ഉത്തരവാദിത്വ ടീറിസത്തിന്റെ സംസ്ഥാന മിഷന് കോ-ഓര്‍ഡിനേറ്ററായും 2023ല്‍ മിഷന് സൊസൈറ്റിയായി മാറിയതോടെ സ്ഥാപക സിഇഒയായും ചുമതലയേറ്റു.