വത്തിക്കാൻ സിറ്റി: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയൂൾ അടുത്ത വർഷം ആതിഥേയത്വം വഹിക്കുന്ന 17-ാമത് ആഗോള കത്തോലിക്ക യുവജന സമ്മേളനത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ലോകമെമ്പാടുമുള്ള യുവജനങ്ങളെ ഈ പ്രാർഥനായാത്രയിലേക്കു ക്ഷണിച്ച് ലെയോ പതിനാലാമൻ മാർപാപ്പ വീഡിയോസന്ദേശം പുറപ്പെടുവിച്ചു.
വിവിധ സംസ്കാരങ്ങളും ഭാഷകളും സംസാരിക്കുന്ന ലോകത്തിലെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള യുവതീ-യുവാക്കൾ സിയൂളിൽ ഒന്നിച്ചുചേരുമ്പോൾ, ഈശോമിശിഹായിൽ ഒന്നാകുന്ന വലിയൊരു കൂട്ടായ്മ അനുഭവിക്കാൻ സാധിക്കുമെന്ന് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുനാൾ ദിനത്തിൽ പുറത്തുവിട്ട സന്ദേശത്തിൽ, അദ്ദേഹത്തിന്റെ വിഖ്യാതമായ ‘ഭയപ്പെടേണ്ട, ക്രിസ്തുവിനായി വാതിലുകൾ തുറന്നിടുക’ എന്ന വാചകവും ലെയോ പതിനാലാമൻ മാർപാപ്പ സ്മരിച്ചു.
വെറുമൊരു വിനോദസഞ്ചാരമോ കേവലം ഒരു പുതിയ നഗരം കാണാനുള്ള ക്ഷണമോ അല്ലെന്നും മറിച്ച് വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീക്ഷയുടെയും തീർഥാടനമാണെന്നും മാർപാപ്പ ഓർമിപ്പിച്ചു.
തങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും മാത്രമല്ല, ഹൃദയത്തിലെ മുറിവുകളും പ്രതിസന്ധികളും ദൈവത്തിനു മുന്പിലേക്ക് സമർപ്പിക്കാൻ മാർപാപ്പ യുവതീ-യുവാക്കളോട് ആഹ്വാനം ചെയ്തു.
ദക്ഷിണ കൊറിയയിൽ നടക്കുന്ന ഈ വലിയ കൂട്ടായ്മയിൽ അവിസ്മരണീയമായ അനുഭവങ്ങളും ആയുഷ്കാലം മുഴുവൻ നീണ്ടുനിൽക്കുന്ന സൗഹൃദങ്ങളും പങ്കുവയ്ക്കാൻ എല്ലാവർക്കും സാധിക്കട്ടേയെന്ന് ആശംസിച്ചാണ് മാർപാപ്പ സന്ദേശം അവസാനിപ്പിച്ചത്.
2027 ഓഗസ്റ്റ് മൂന്നുമുതൽ എട്ടുവരെയാണു സമ്മേളനം നടക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ‘ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’ (യോഹന്നാൻ 16:33) എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം.