ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിനൊപ്പം യാത്രക്കാരന് ലഭിച്ചത് പശയുടെ ട്യൂബ്. മൈസൂരുവിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ നിന്നാണ് ഒട്ടിക്കുന്ന പശയുടെ ട്യൂബ് കണ്ടെത്തിയത്. കതിർവേട് സ്വദേശി ഡി. ശേഖറിനാണ് പശ ട്യൂബുള്ള വട ലഭിച്ചത്.
ട്രെയിനിൽ വിതരണം ചെയ്ത ലഘു ഭക്ഷണത്തിനൊപ്പമുണ്ടായ വടയ്ക്കുള്ളിൽ നിന്നാണ് പശയുടെ ട്യൂബ് കണ്ടെത്തിയത്. വട കടിച്ചതോടെ പൊട്ടിയ ട്യൂബിൽ നിന്ന് ഒട്ടിക്കുന്ന ദ്രാവകം ശേഖറിന്റെ ചുണ്ടുകളിലേക്ക് പറ്റിപ്പിടിച്ചു. ഉടൻ തന്നെ പുറത്തെടുത്തതിനാൽ വലിയ അപകടം ഒഴിവായി.
തുടർന്ന് യാത്രക്കാർ ഐആർസിടിസിക്ക് നേരിട്ട് പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.