ചുങ്കക്കുന്ന്: വന്യജീവി ആക്രമണത്തില്‍ ആടുകള്‍ ചത്തു. ചുങ്കക്കുന്ന് സ്വദേശി പുതനപ്ര അനില്‍ ആന്റണിയുടെ നാല് ആടുകളാണു ചത്തത്. ഇന്നലെ പുലര്‍ച്ചെയാണു വീടിനു സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന ആടുകളെ വന്യജീവികള്‍ കൊന്നത്. പുലര്‍ച്ചെ ശബ്ദം കേട്ട് തൊഴുത്തില്‍ വന്ന് നോക്കിയപ്പോഴാണ് ആടുകളെ കടിച്ചുകൊന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് വനംവകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. ചെന്നായ, കുറുനരി പോലുളള ജീവികള്‍ പിടിച്ചതാണെന്നാണു വനംവകുപ്പിന്റെ നിഗമനം.
വെറ്ററിനറി ഡോക്ടറെ വരുത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ വി.സി. പ്രജീഷ് കുമാര്‍, എ.കെ. അനൂപ്, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ടി. ബാലകൃഷ്ണന്, വാച്ചര്‍മാരായ ബോബി വര്‍ഗീസ്, റോയി മാത്യു എന്നിവരാണു പരിശോധന നടത്തിയത്.
കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം, പഞ്ചായത്തംഗം സ്മിത വരപ്പോത്തുകുഴി എന്നിവരും സ്ഥലത്തെത്തിയിരുന്നു. രാത്രി പ്രദേശത്ത് നിരീക്ഷണം നടത്താനും കാമറ സ്ഥാപിക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.