പുല്‍പ്പള്ളി: കനറാ ബാങ്കിന്റെ പുല്‍പ്പള്ളി ശാഖയില്‍ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ ബാങ്കിലെ അപ്രൈസറായ കെ.ആര്. സഹജനെ പുല്‍പ്പള്ളി പൊലിസ് പാലക്കാട് ചെര്‍പ്പളശേരി ബന്ധുവീട്ടില്‍ നിന്ന് പിടികൂടി. ബാങ്ക് അധികൃതര്‍ തട്ടിപ്പ് പിടികൂടിയതോടെ പുല്‍പ്പള്ളി പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുര്‍ന്ന് ഇയാള്‍ ആഴ്ചകളായി ഒളിവിലായിരുന്നു. അഞ്ച് വായ്പകളിലായി 28.9 ലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്നാണ് കേസ്. അപ്രൈസറായ സഹജന് തന്റെ സുഹൃത്തുക്കളുടെ പേരില്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ചാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് കണ്ടെത്തിയതോടെ അപ്രൈസര്‍ ജോലിയില്‍ നിന്ന് കെ.ആര്. സഹജനെ ബാങ്ക് പിരിച്ചുവിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തിയുള്ള വായ്പകള്‍ എടുത്തിട്ടുള്ളത്. ബാങ്കില്‍ ജോലി ചെയ്യുന്നതിനാല്‍ തന്റെ പേരില്‍ സ്വര്‍ണം പണയം വയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സഹജന് സുഹൃത്തുക്കളെ ഉപയോഗിച്ച് വായ്പ എടുപ്പിച്ചത്. സഹജനെ വിശ്വസിച്ച് വായ്പാ രേഖകളില്‍ ഒപ്പിട്ടു നല്‍കുക മാത്രമായിരുന്നു ചെയ്തതെന്ന് സുഹൃത്തുക്കള്‍ പൊലിസിനെ അറിയിച്ചു. പുല്‍പ്പള്ളി എസ്ഐ പവന് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.