കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഷൂവിന്റെ അടിഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏകദേശം രണ്ടുകോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. കണ്ണൂർ പാതിരിയോട് സ്വദേശിയായ അസ്സു (47) ആണ് പിടിയിലായത്.
1467 ഗ്രാം സ്വർണമിശ്രിതമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ 1.45-ഓടെ ദുബായിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ എത്തിയത്. കാലിൽ ധരിച്ചിരുന്ന ഷൂസിന്റെ ഇരു സോളുകളിലുമായി കറുത്ത തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണമിശ്രിതം സൂക്ഷിച്ചിരുന്നത്. ഇതിൽ ഒരു സോളിൽ 733.6 ഗ്രാമും മറ്റേ സോളിൽ 733.4 ഗ്രാമുമാണ് ഉണ്ടായിരുന്നത്.
ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും കരിപ്പൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. തുടർന്ന് പ്രതിയെയും പിടികൂടിയ സ്വർണവും തുടർനടപടികൾക്കായി കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.