കൊച്ചി: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം രാജ്യത്തെ സ്വര്ണവ്യാപാരമേഖലയ്ക്കും ഉപഭോക്താക്കള്‍ക്കും കനത്ത തിരിച്ചടിയാകും.
സംസ്ഥാനത്ത് ഒരു വര്‍ഷം ഏകദേശം 50,000 കോടി രൂപയുടെ യുപിഐ ഇടപാടുകളാണു നടക്കുന്നത്. ഒരു ഇടപാടിന്റെ ശരാശരി തുക 20,000 രൂപയായി കണക്കാക്കിയാല്‍ ഏകദേശം 2.5 കോടിയുടെ ഇടപാടുകള്‍ ഉണ്ടാകും. ഓരോ ഇടപാടിനും പരമാവധി 300 രൂപ എന്നനിരക്കില്‍ ചാര്‍ജ് ഈടാക്കിയാല്‍ വര്‍ഷത്തില്‍ ഏകദേശം 750 കോടി രൂപ അധിക സാമ്പത്തികബാധ്യത ഉണ്ടാകുമെന്നാണ് സ്വര്‍ണവ്യാപാരികളുടെ കണക്ക്.
യുപിഐ വഴിയുള്ള വാണിജ്യ ഇടപാടുകള്‍ക്ക് കമ്മിഷന് ഏര്‍പ്പെടുത്താനുള്ള നീക്കം സ്വര്‍ണവ്യാപാര മേഖലയില്‍ വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
സ്വര്‍ണവ്യാപാരത്തില്‍ ഒരു ഇടപാടിന്റെ തുക സാധാരണയായി ഉയര്‍ന്നതായതിനാല്‍, യുപിഐ ചാര്‍ജിന്റെ പരമാവധി പരിധി 300 രൂപ എന്നതു പ്രായോഗികമായി പല ഇടപാടുകളിലും ബാധകമാകാന്‍ സാധ്യതയുണ്ട്. ഈ ചെലവ് വ്യാപാരികള്‍ക്കു പൂര്‍ണമായി വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത് ഉപഭോക്താക്കളിലേക്കു കൈമാറേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സ്വര്‍ണവിലയിലെ വന്‍ വര്‍ധന ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തിക സമ്മര്‍ദമുണ്ടാക്കുന്നതാണ്. അതിനിടയില്‍ ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് അധിക ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കണമെന്ന നയത്തിനു വിരുദ്ധമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി യുപിഐ ഇടപാടുകള്‍ വ്യാപകമായി പ്രോത്സാഹിപ്പിച്ചശേഷം അതേ ഇടപാടുകള്‍ക്ക് അധിക സാമ്പത്തികബാധ്യത ഏര്‍പ്പെടുത്തുന്നതു വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ തിരിച്ചടിയാണ്. അതിനാല്‍ സ്വര്‍ണവ്യാപാര മേഖലയിലെ എംഎസ്എംഇ സ്ഥാപനങ്ങള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഇത്തരം അധികച്ചെലവുകള്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് വിലയിരുത്തല്‍.