പുനെയിലെ പ്രശസ്തരായ "ഗോൾഡൻ ഗയ്സ്" കൂട്ടുകെട്ടിലെ സഞ്ജയ് ഗുജാറിന്റെ ആഡംബര കാറിനെതിരെ കടുത്ത നടപടിയുമായി പിംപ്രി-ചിഞ്ച്വാഡ് ട്രാഫിക് പൊലിസ്.
ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി നിരത്തിലിറക്കിയ ഇയാളുടെ ഓഡി Q7 വാഹനം ചിഞ്ച്വാഡിലെ മഹാവീർ ചൗക്കിൽ വെച്ചാണ് പൊലിസ് തടഞ്ഞുനിർത്തിയത്.
ഔദ്യോഗിക നമ്പർ പ്ലേറ്റിന് പകരം "Golden Guys" എന്ന് എഴുതിയ ഫാൻസി പ്ലേറ്റ് പതിപ്പിച്ചതിനും മറ്റ് നിരവധി നിയമലംഘനങ്ങൾക്കുമായി വാഹനത്തിന് 6,500 രൂപ പിഴ ചുമത്തി. ആർടിഒ രേഖകൾ പ്രകാരം കറുപ്പ് നിറത്തിലുള്ള ഈ ഓഡി കാർ പൂർണമായും സ്വർണനിറത്തിലേക്ക് മാറ്റിയ നിലയിലായിരുന്നു.
കൂടാതെ വാഹനത്തിന്റെ ഗ്ലാസുകളിൽ കറുത്ത ഫിലിം ഒട്ടിക്കുകയും ചെയ്തിരുന്നു. പരിശോധനയിൽ വാഹനത്തിന് സാധുവായ ഇൻഷുറൻസോ പുക പരിശോധനാ സർട്ടിഫിക്കറ്റോ ഇല്ലെന്ന് വ്യക്തമായി.
ഇതിനുപുറമേ, മുൻപ് നടത്തിയ 18 ട്രാഫിക് നിയമലംഘനങ്ങൾ വകയിൽ 33,700 രൂപയുടെ കുടിശികയും ഈ വാഹനത്തിന്റെ പേരിൽ നിലവിലുണ്ട്.
ശരീരമാസകലം കിലോക്കണക്കിന് സ്വർണാഭരണങ്ങൾ ധരിച്ചും സ്വർണനിറത്തിലുള്ള ആഡംബര കാറുകളിൽ സഞ്ചരിച്ചും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ സഞ്ജയ് ഗുജാറും സണ്ണി വാഗ്ചൗരെയുമാണ് "ഗോൾഡൻ ഗയ്സ്" എന്നറിയപ്പെടുന്നത്.
ഇതാദ്യമായല്ല ഇവരുടെ വാഹനം പൊലിസിന്റെ പിടിയിലാകുന്നത്. കറുത്ത ഫിലിം ഒട്ടിച്ചതിന് കഴിഞ്ഞ മാർച്ച് മാസത്തിലും ഇവരുടെ ഓഡി കാറിനെതിരെ പൊലിസ് നടപടിയെടുക്കുകയും ഫിലിം ബലമായി നീക്കം ചെയ്യുകയും ചെയ്തിരുന്നു.
നമ്പർ പ്ലേറ്റുകളിലെ ക്രമക്കേടുകളും അനധികൃത മാറ്റങ്ങളും തടയാൻ പിംപ്രി-ചിഞ്ച്വാഡ് പൊലിസ് നടത്തുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായാണ് ഇപ്പോൾ വീണ്ടും നടപടിയുണ്ടായിരിക്കുന്നത്.