തരുവണ: പാലിയാണയിലെ പുരാതന നായർ കുടുംബമായ എടച്ചന തേനോത്തുമ്മൽ ഗോപാലൻ നന്പ്യാരെ ജീവിതാന്ത്യംവരെ സന്തുഷ്ടമായി സംരക്ഷിക്കാമെന്ന് മോഹിപ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കൾ കൈവശപ്പെടുത്തിയ 1.28 ഏക്കർ വസ്തുവിന്റെ നാല് ആധാരങ്ങളും റദ്ദ് ചെയ്തു വസ്തുവിന്റെ പ്രമാണങ്ങൾ തിരികെ നൽകി. ആധാരങ്ങൾ റദ്ദ് ചെയ്തത് മാനന്തവാടി സബ് കളകടർ അതുൽ സാഗർ ഉത്തരവിട്ടിരുന്നു.
നീലേശ്വരത്തുള്ള ഭാര്യ ബന്ധുക്കളുടെ വീട്ടിൽ ദുരിത ജീവിതം തുടരുന്നതിനിടെ സഹോദരിയും മറ്റുള്ളവരും ചേർന്ന് അദ്ദേഹത്തെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ടി വരുകയും തുടർന്ന് തന്നിൽ നിന്നു കൈവശപ്പെടുത്തിയ സ്വത്തുക്കൾ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന പൗരൻമാർക്കും രക്ഷാകർത്താക്കൾക്കുമായി രൂപപ്പെടുത്തിയ കേന്ദ്രനിയമത്തിന്റെ പിൻബലത്തിൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ചെയർമാനായ ട്രീബ്യൂണലിനെ സമീപിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് പാലിയാണ നെഹ്റു മെമ്മോറിയൽ ഗ്രന്ഥശാലയിൽ ചേർന്ന വയോജനങ്ങളുടെയും നാട്ടുകാരുടെയും യോഗത്തിൽ വെള്ളമുണ്ട സബ് രജിസ്ട്രാർ ഓഫിസിൽനിന്നു പുതുതായി ലഭ്യമാക്കിയ ആധാരങ്ങൾ പ്രശ്നപരിഹാരത്തിനായി ശ്രമിച്ച കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹി കെ.ജി. പുരുഷോത്തമൻ ഗോപാലൻ നന്പ്യാർക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കമർലൈല ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട പഞ്ചായത്ത് 15-ാം വാർഡ് മെംബർ കെ. രാകേഷ് അധ്യക്ഷത വഹിച്ചു. കെ.ജി പുരുഷോത്തമനെ ഷാൾ അണിയിച്ച് ആദരിച്ചു. വായനശാല പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, വാർഡ് മെംബർ സവാൻ നാസർ, ഇ.കെ. ജയരാജൻ, ഗ്രന്ഥശാല താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സുരേഷ് ബാബു, പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എം. കമൽ, എം. ഗംഗാധരൻ, സീനിയർ സിറ്റിസണ്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സിസിലി വർഗീസ്, പഞ്ചായത്ത് സെക്രട്ടറി സുധീർ, കഐസ്എസ്പിയു വൈത്തിരി പഞ്ചായത്ത് സെക്രട്ടറി വി.ജെ. മാത്യു, വി. അഭിത, എ. സച്ചിദാനന്ദൻ, എൻ. കുഞ്ഞികൃഷ്ണൻ, പി.വി. ജോസ്, കെ.വി. നളിനാക്ഷൻ എന്നിവർ പ്രസംഗിച്ചു.