കൊച്ചി: മുനമ്പത്തെ ഭൂമിയിലുള്ള വഖഫ് അവകാശവാദം സംബന്ധിച്ച തർക്കത്തിലും നിയമ വ്യവഹാരങ്ങളിലും സംസ്ഥാന സർക്കാരിന്റെ നിലപാട് നിർണായകമാകും. സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾക്കൊപ്പം, ഹൈക്കോടതിയിലും വഖഫ് ട്രൈബ്യൂണലിലും നിലവിലുള്ള കേസുകളിൽ പ്രദേശവാസികൾക്ക് അനൂകൂലമായ നിലപാടെടുക്കുകയെന്നതും പ്രധാനമാണ്.
ഹൈക്കോടതിയിൽനിന്നും സർക്കാരിൽനിന്നും മുനമ്പത്തെ ഭൂവുടമകളായ കുടുംബങ്ങൾക്ക് അനുകൂല നടപടികൾ ഉണ്ടായിരുന്നു. എങ്കിലും ഇവിടത്തെ താമസക്കാരുടെ ഭൂമി ഇപ്പോഴും വഖഫിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട തന്നെയാണുള്ളത്.
വഖഫ് ബോർഡ് ഭൂമിയുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ ചേർത്തതും വിഷയത്തെ സങ്കീർണമാക്കിയെന്ന ആക്ഷേപവും ശക്തമാണ്. പ്രദേശവാസികൾക്കു തങ്ങളുടെ ഭൂമിയിലുള്ള പൂർണ അവകാശം പുനഃസ്ഥാപിക്കുന്നതിന് ഇവയെല്ലാം തടസങ്ങളാണ്.
ഭൂമിയുടെ പോക്കുവരവ് നടത്താനാകണം, ക്രയവിക്രയം സാധ്യമാകണം. ഇതാണ് മുനമ്പത്തെ ജനങ്ങളുടെ പ്രധാന ആവശ്യം. ഇതിനു സർക്കാരിന്റെ ഭാഗത്തുനിന്നു കൃത്യതയുള്ള നടപടികളാണ് ഇനി ഉണ്ടാകേണ്ടത്.
മുനമ്പം വിഷയത്തിൽ വഖഫ് ബോർഡിന്റെ ഇതുവരെയുള്ള നിലപാടുകളെയും നയങ്ങളെയും തിരുത്താൻ പുതിയ സർക്കാർ എത്രമാത്രം ഇടപെടുമെന്നതു പ്രധാനമാകും.
മുനമ്പത്തെ ഭൂമി വഖഫല്ലെന്നും ദീർഘനാളായി മുനമ്പം ജനത അനുഭവിക്കുന്ന യാതനകൾക്കു പത്തു മിനിറ്റിൽ പരിഹാരം കാണുമെന്നും പ്രതിപക്ഷ നേതാവായിരിക്കേ പ്രഖ്യാപിച്ച വി.ഡി. സതീശനും സംസ്ഥാന സർക്കാരും തങ്ങൾക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്നുമാണ് പ്രദേശവാസികളുടെ പ്രതീക്ഷ.