കാസര്‍ഗോഡ്: മുള്ളേരിയ കുടുംബാരോഗ്യകേന്ദ്രത്തിലെ ലാബ് കെട്ടിടോദ്ഘാടനചടങ്ങില് വന്ദേമാതരം ആലാപനത്തെച്ചൊല്ലി വിവാദം.
കഴിഞ്ഞദിവസം ആരോഗ്യമന്ത്രി കെ. മുരളീധരന് പങ്കെടുത്ത ചടങ്ങിലാണ് ബിജെപി ഭരിക്കുന്ന കാറഡുക്ക പഞ്ചായത്തിലെ സ്ഥിരംസമിതി അധ്യക്ഷരായ പി. സവിതാകുമാരി, എ. വാസന്തി എന്നിവര്‍ ഈശ്വരപ്രാര്ഥനയ്ക്ക് പകരം വന്ദേമാതരത്തിന്റെ ആറു ചരണങ്ങളും പൂര്‍ണമായും ആലപിച്ചത്.
ആദ്യത്തെ രണ്ടു ചരണങ്ങള്‍ക്കുശേഷം മന്ത്രി മുരളീധരന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, കല്ലട്ര മാഹിന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ കസേരയില്‍ ഇരുന്നു. ഈ സംഭവത്തില്‍ ദേശീയഗീതത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് ഇവര്‍ക്കെതിരേ ബിജെപി ബദിയഡുക്ക മണ്ഡലം പ്രസിഡന്റ് എം. ഗോപാലകൃഷ്ണ ആദൂര്‍ പൊലിസില്‍ പരാതി നല്കി.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ബിജെപിയുടെ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കെ. മുരളീധരന് വ്യക്തമാക്കി. ഇതൊരു പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയായിരുന്നെങ്കില്‍ അവര്‍ക്ക് അവരുടെ നയം പിന്തുടരാമായിരുന്നു. ഞങ്ങള്‍ അതിനോട് സഹകരിക്കുകയും ചെയ്യുമായിരുന്നു.
ആരോഗ്യകേന്ദ്രം പൂര്‍ണമായും ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലായതിനാല്‍ ചടങ്ങ് സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയാണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോളാണ് പാലിക്കപ്പെടേണ്ടത്. ഏതൊരു നിയമനടപടിയെയും നേരിടാന്‍ തയാറാണ്.-അദ്ദേഹം പറഞ്ഞു.