കൊച്ചി: ആഗോള രംഗത്തെ മുൻനിര വിമാനക്കമ്പനികളുടെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളെ (ജിസിസി) ആകർഷിക്കുന്നതിനായി ഇൻഫോപാർക്ക് സംഘടിപ്പിക്കുന്ന കോക്പിറ്റ് 2027: ഗ്ലോബൽ ഏവിയേഷൻ ജിസിസി ലീഡർഷിപ്പ് ഉച്ചകോടിക്ക് ഒരുക്കങ്ങൾ തുടങ്ങി. 2027 ജനുവരി 28, 29 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലാണ് ഉച്ചകോടി.
വിമാനക്കമ്പനികളുടെ വരുംതലമുറ നിർമിതബുദ്ധി (എഐ), ഡാറ്റ, പ്രൊഡക്ട് മാനേജ്മെന്റ്, ഡിജിറ്റൽ ഹബുകൾ സ്ഥാപിക്കാൻ കൊച്ചി തികച്ചും അനുയോജ്യമാണെന്ന് ആഗോളതലത്തിൽ അവതരിപ്പിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ, ഏഷ്യാ പസഫിക്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ 25-ലധികം പ്രമുഖ വിമാനക്കമ്പനികളിൽ നിന്നുള്ള സിഇഒമാർ, സിഐഒമാർ, സിടിഒമാർ, സിഡിഒമാർ, ഗ്ലോബൽ ഡെലിവറി മേധാവികൾ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെ ഉച്ചകോടിയിൽ പങ്കെടുപ്പിക്കാനാണു ശ്രമം.
വിമാനക്കമ്പനികൾക്ക് വരുമാനം വർധിപ്പിക്കുന്ന തന്ത്രപ്രധാന സാങ്കേതിക കേന്ദ്രങ്ങളായി ജിസിസികളെ മാറ്റുകയെന്നതിനോടൊപ്പം ഫ്ലൈറ്റ് ഓപ്പറേഷൻസ്, മെയിന്റനൻസ്, പേഴ്സണലൈസ്ഡ് റീട്ടെയ്ലിംഗ്, കണക്റ്റഡ് ക്യാബിനുകൾ എന്നിവയിലെ എഐ വിനിയോഗം തുടങ്ങിയവ ഉച്ചകോടി ചർച്ച ചെയ്യും.
സംസ്ഥാന സർക്കാരിന്റെ പൂർണ പങ്കാളിത്തത്തോടും പിന്തുണയോടും കൂടിയാണ് ഉച്ചകോടി. ഉച്ചകോടിയിൽ ചർച്ചകൾക്കു പുറമേ കേരളത്തിന്റെ തനത് പ്രകൃതിഭംഗി ആസ്വദിക്കാൻ ഹൗസ്ബോട്ട് നെറ്റ്വർക്കിംഗ് യാത്രകളും സാംസ്കാരിക വിരുന്നുകളും അതിഥികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.
കൊച്ചി ലെ-മെറിഡിയനില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉച്ചകോടിയുടെ ലോഗോയും വെബ്സൈറ്റും അവതരിപ്പിച്ചു. ഇൻഫോ പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പങ്കെടുത്തു.
മേലേ മേലേ... കൊച്ചി
വൻകിട മെട്രോ നഗരങ്ങളിൽനിന്ന് ഉയർന്ന വളർച്ചാസാധ്യതയുള്ള കൊച്ചി പോലുള്ള ടിയർ 2 നഗരങ്ങളിലേക്കു കമ്പനികൾ മാറുന്ന പശ്ചാത്തലത്തിലാണു ഗ്ലോബൽ ഏവിയേഷൻ ജിസിസി ലീഡർഷിപ്പ് ഉച്ചകോടിക്കു വാണിജ്യനഗരം വേദിയാകുന്നത്.
കൊച്ചിയുടെ മികച്ച എയര്‍ കണക്ടിവിറ്റിയും സിയാൽ എയറോസിറ്റി, എംആർഒ സംവിധാനങ്ങൾ എന്നിവയ്ക്ക് പുറമെ, എയർ ഇന്ത്യ, ഐബിഎസ് സോഫ്റ്റ്വേർ, വെർട്ടെയിൽ തുടങ്ങിയ പ്രമുഖ ഏവിയേഷൻ ടെക്നോളജി കമ്പനികളുടെ സാന്നിധ്യവും കൊച്ചിയുടെ മുതല്‍ക്കൂട്ടാണ്. 2031-ഓടെ സംസ്ഥാനത്ത് 150 ജിസിസികൾ സ്ഥാപിക്കുകയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.