ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം, തിരുവോണ സദ്യ എന്നിവയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഉത്രാട കാഴ്ചക്കുല സമർപ്പണത്തിനു ദേവസ്വം മന്ത്രി കെ. മുരളീധരൻ പങ്കെടുക്കും.
രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടിലാണ് ചടങ്ങ് നടക്കുന്നത്. ക്ഷേത്രം മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ, ക്ഷേത്രം ഊരാളൻ, തന്ത്രി, ഭരണസമിതി അംഗങ്ങൾ എന്നിവരും സമർപ്പിക്കും.
കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്കു പ്രവേശനമുണ്ടാകില്ല. ഗുരുവായൂരപ്പനു കാഴ്ചക്കുല സമർപ്പിക്കാനെത്തുന്നവർക്കു മുതിർന്ന പൗരന്മാരുടെ ദർശന വരിയുടെ ഭാഗത്ത് സൗകര്യമൊരുക്കും. ഇന്ന് മുതിർന്ന പൗരന്മാർ, പ്രാദേശികം എന്നിവരുടെ വരികൾ രാവിലെ 5.30ന് അവസാനിപ്പിക്കും.
പതിനായിരം പേർക്ക് വിശേഷാൽ പ്രസാദമൂട്ട്
തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദമൂട്ടാണ് ദേവസ്വം ഒരുക്കുന്നത്. നാളെ രാവിലെ ഒമ്പതിന് അന്നലക്ഷ്മി ഹാളിലും അതിനോടു ചേർന്ന പന്തലിലും പ്രസാദമൂട്ട് തുടങ്ങും. പ്രസാദമൂട്ടിനുള്ള വരി ഉച്ചയ്ക്ക് രണ്ടിന് അവസാനിപ്പിക്കും. കാളൻ, ഓലൻ, എരിശേരി, അവിയൽ, പഴം പ്രഥമൻ, മോര്, കായവറവ്, പപ്പടം, അച്ചാർ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാകും.