പാലക്കാട്: കാവശേരിയിൽ പതിനാറുകാരന്റെ കുത്തേറ്റു ചികിത്സയിലിരുന്ന മുത്തച്ഛൻ മരിച്ചു. വാഴക്കച്ചിറ സുലൈമാൻ (65) ആണു മരിച്ചത്. കഴിഞ്ഞ മാസം 19നു വൈകുന്നേരം ഏഴോടെ കാവശേരി വാഴക്കച്ചിറയിലെ വീട്ടിലാണ് സംഭവം.
സുലൈമാന്റെ മകളുടെ മകനാണു കുത്തിയ പതിനാറുകാരൻ. പത്തുവയസുകാരിയായ സഹോദരിയുമായി തർക്കത്തിനിടെ പ്രകോപിതനായ പതിനാറുകാരൻ സഹോദരിയെ കത്തികൊണ്ട് ആക്രമിക്കുകയും തടയാൻ ശ്രമിച്ച മുത്തച്ഛനെ കുത്തുകയുമായിരുന്നു.
നെഞ്ചിനും കഴുത്തിനും വയറിനും കുത്തേറ്റ സുലൈമാനെയും സഹോദരിയെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് സുലൈമാനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയാണ് മരിച്ചത്. സഹോദരി അപകടനില തരണംചെയ്തു.
സംഭവശേഷം ഒളിവിൽപോയ പതിനാറുകാരനെ പിന്നീട് പൊലിസ് പിടികൂടി ജുവനൈൽ ഹോമിലാക്കിയിരുന്നു.