കോഴിക്കോട്: താമരശേരി ചുരത്തിന്റെ ഒമ്പതാം വളവിൽ ലോറി അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഒമ്പതിനുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല. കർണാടകയിൽനിന്ന് ഗ്രാനൈറ്റ് കയറ്റിവരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഒമ്പതാം വളവിന്റെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഉടൻ തന്നെ ഡ്രൈവറും ക്ലീനറും പുറത്തേക്ക് ചാടിയതിനാൽ വൻ ദുരന്തം ഒഴിവായി.സമീപത്തുണ്ടായിരുന്ന പിക്കപ്പ് വാനിൽ ഇടിച്ചശേഷം ലോറി സംരക്ഷണഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു. നിരവധി തവണ സമാനമായ അപകടങ്ങൾ നടന്നിട്ടുള്ള സ്ഥലമാണിത്.
ഏതാനും ദിവസം മുമ്പ് പുതുക്കിപ്പണിത സംരക്ഷണഭിത്തിയാണ് ഇപ്പോൾ തകർന്നത്. പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.