എടത്വ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപനമില്ലായ്മ മൂലം പട്ടികജാതി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഗ്രാന്റുകള്‍ മുടങ്ങുന്നു. കേന്ദ്രം വിഹിതം നൽകാതിരിക്കുന്നതും സംസ്ഥാനം സാമ്പത്തിക ഞെരുക്കം മൂലം ഫണ്ട് അനുവദിക്കാത്തതുമാണ് പ്രതിസന്ധി.
2020-21 സാമ്പത്തിക വര്‍ഷം മുതലാണ് ഗ്രാന്റുകള്‍ മുടങ്ങിയത്. 2024-25 കാലഘട്ടത്തില്‍ പട്ടിക വർഗ വിദ്യാര്‍ഥികളുടെ ഗ്രാന്റും പൂര്‍ണമായി നിലച്ചിരുന്നു.2023-25 കാലയളവിലെ 25.43 കോടിയുടെ ഗ്രാന്റാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും സമാന അവസ്ഥയാണ്. കേന്ദ്ര പദ്ധതിയായ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിച്ചിരുന്നത്. 2.50 ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് സംസ്ഥാനം നേരിട്ടാണ് വിതരണം ചെയ്യുന്നത്.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിതരണം പൂര്‍ണമായി മുടങ്ങിയിരിക്കുകയാണ്.പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് പുറമേ ഹോസ്റ്റല്‍ ഫീസ്, ട്യൂഷന് ഫീസ്, ദിവസ ചിലവ്, സ്പെഷ്യല്‍ ഇന്‍സന്റീവ്, വിദേശ പഠന സ്കോളര്‍ഷിപ്പ്, അയ്യങ്കാളി ടാലന്റ് സ്കോളര്‍ഷിപ്പ് തുടങ്ങിയവയും മുടങ്ങി കിടക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് മാത്രമാണ് കുട്ടികളുടെ കൈകളില്‍ കൃത്യമായി എത്തുന്നത്.പബ്ലിക് ഫിനാന്‍സ് മാനേജ്മെന്റ് സിസ്റ്റം (പിഎഫ്എംഎസ്) നിലവില്‍ വന്നതിന് ശേഷമാണ് ഇത്തരത്തിൽ ഗ്രാന്റ് മുടങ്ങുന്നതെന്നാണ് ആക്ഷേപം. പിഎഫ്എംഎസ് നിലവില്‍ വന്നശേഷം കേന്ദ്ര സര്‍ക്കാര്‍ കുട്ടികളുടെ അകൗണ്ടില്‍ പണം നേരിട്ട് നിക്ഷേപിക്കുകയണ്.
പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനാൽ വിദ്യാർഥികളുടെ രേഖകളിൽ തെറ്റ് വന്നാലും ഗ്രാന്റ് മുടങ്ങും. നിലവില്‍ സംസ്ഥാനത്ത് 4,423 എസ്സി, എസ്ടി കുട്ടികളുടെ ഗ്രാന്റാണ് ഇത്തരത്തിൽ മുടങ്ങിക്കിടക്കുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഗ്രാന്റ് കുടിശിഖ.