കൃഷി ജീവിതമാർഗം മാത്രമല്ല, സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള വഴിയാണെന്നു തെളിയിക്കുകയാണ് മലപ്പുറം നിലമ്പൂർ സ്വദേശി സുരേഷ് കുമാർ. വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും കൃഷിയെ തകർത്തതോടെ നിരാശപ്പെടാതെ പുതിയ സാധ്യതകൾ തേടി ഇറങ്ങിയ കർഷകൻ.
അദ്ദേഹം കേരള അതിർത്തിയോടു ചേർന്ന കർണാടകയിലെ ഗുണ്ടൽപേട്ടിൽ തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്തു. ഇന്ന് അവിടം ആരുടെയും മനംകവരുന്ന മുന്തിരിത്തോപ്പാണ്. ഈ ജൈവമുന്തിരിത്തോട്ടം കാണാൻ ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്.
പന്ത്രണ്ടോളം ഏക്കറിലാണ് സുരേഷ് കുമാറും കൂട്ടായ്മയിലെ സുഹൃത്തുക്കളും ചേർന്നു ജൈവരീതിയിൽ കൃഷി നടത്തുന്നത്. കേരളത്തിൽ കൃഷി ചെയ്യാൻ ബുദ്ധിമുട്ടുള്ള മുന്തിരിയാണ് ഏക്കർ കണക്കിനു പാടത്ത് വിളഞ്ഞു നിറഞ്ഞു നിൽക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു വർഷം മുമ്പ് തുടങ്ങിയ കൃഷി മികച്ച വിജയം കണ്ടതോടെയാണ് കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിച്ചത്. രാസവളങ്ങളും രാസകീടനാശിനികളും പരമാവധി ഒഴിവാക്കിയാണ് കൃഷി.