കൊല്ലം: വ്യത്യസ്തങ്ങളായ കലാസാംസ്കാരിക കൂട്ടായ്മകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഗ്രാവിറ്റി കൾച്ചറൽ തിയറ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "ഗ്രാവിറ്റി സംഗീതോത്സവം' ഡിസംബറിൽ കരുനാഗപ്പള്ളിയിൽ അരങ്ങേറും. സംഗീതത്തിന്റെ വ്യത്യസ്ത ശാഖകളെ പരിചയപ്പെടുത്തുക, വിവിധ സംഗീത മേഖലകളിൽ പ്രശസ്തരായ ഗായകരും വ്യക്തികളും പങ്കെടുക്കുന്ന അഭിമുഖങ്ങളും സംഗീത പരിപാടികളും മറ്റ് കൂട്ടായ്മകളും സംഘടിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.
വയലി ബാംബൂ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, ‘ആകാശമായവളെ' എന്ന പേരിൽ ഗായകൻ ഷഹബാസ് അമൻ നയിക്കുന്ന ഗസൽ വിരുന്ന്, ആയിരത്തോളം ഗായകർ പങ്കെടുക്കുന്ന ‘കരുനാഗപ്പള്ളി പാടുന്നു' എന്ന ബൃഹത്തായ സംഗീത കൂട്ടായ്മ എന്നിവയും സംഘടിപ്പിക്കും.
കേരളത്തിനകത്തും പുറത്തുമുള്ള സംഗീത പ്രതിഭകൾ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ‘പാട്ടുവണ്ടി' ഉൾപ്പെടെയുള്ള വിവിധ രൂപത്തിലുള്ള പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ഡിസംബർ 26, 27 തീയതികളിൽ കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂളുകളിലാണ് സാംസ്കാരിക സംഗീതോത്സവമായ ഗ്രാവിറ്റി ഫെസ്റ്റിവൽ ഓഫ് മ്യൂസിക് നടക്കുന്നത്. പരിപാടിയുടെ വിജയത്തിനായി ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം സി. ആർ. മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാവിറ്റി പ്രസിഡന്റ് ബി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വി. വിമൽ റോയ് പരിപാടി വിശദീകരിച്ചു.