ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിൽ മൂന്നു പതിറ്റാണ്ടോളമായി മഞ്ഞിനടിയിൽ വിശ്രമിക്കുന്ന ഇന്ത്യൻ പർവതാരോഹകൻ ദോർജെ മൊറുപ്പിന്റെ (ഗ്രീൻ ബൂട്സ്) മൃതദേഹം തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യ വിപുലമായ ദൗത്യത്തിനൊരുങ്ങുന്നു.
1996 മേയ് പത്തിന് എവറസ്റ്റ് കീഴടക്കി മടങ്ങുന്നതിനിടെ വീരമൃത്യു വരിച്ച ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ (ഐടിബിപി) അംഗമായിരുന്നു ലഡാക്ക് സ്വദേശിയായ ദോർജെ മൊറുപ്പ്.
വഴികാട്ടിയായ ഗ്രീൻ ബൂട്സ്
സമുദ്രനിരപ്പിൽനിന്ന് 8,500 മീറ്റർ ഉയരത്തിൽ വടക്കുകിഴക്കൻ റിഡ്ജിലെ പാറയിടുക്കിൽ, പച്ച നിറത്തിലുള്ള ക്ലൈംബിംഗ് ബൂട്ടുകൾ ധരിച്ച് കിടക്കുന്ന മൃതദേഹത്തെ ലോകം 'ഗ്രീൻ ബൂട്സ്' എന്നാണു വിളിച്ചിരുന്നത്.
അപകടകരമായ ചൈനീസ് (ടിബറ്റൻ) പാതയിലൂടെ കടന്നുപോകുന്ന പർവതാരോഹകർക്ക് തങ്ങൾ ശരിയായ ദിശയിലാണോ സഞ്ചരിക്കുന്നതെന്നു മനസിലാക്കാനുള്ള പ്രധാന വഴികാട്ടിയായി വർഷങ്ങളോളം ഈ മൃതദേഹം നിലകൊണ്ടു.
തുടക്കത്തിൽ ഇത് സഹപ്രവർത്തകനായ ത്സെവാംഗ് പാൽജോറിന്റെ മൃതദേഹമാണെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ 2024ൽ ഐടിബിപി നടത്തിയ ശാസ്ത്രീയ പരിശോധനകളിലൂടെയും അവസാന റേഡിയോ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലും ഇതു ദോർജെ മൊറുപ്പിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ദുരന്തം വിതച്ച 1996ലെ ദൗത്യം
കമാൻഡന്റ് മൊഹിന്ദർ സിംഗിന്റെ നേതൃത്വത്തിൽ ചൈനീസ് ഭാഗത്തുനിന്ന് എവറസ്റ്റ് കീഴടക്കാൻ പുറപ്പെട്ട ആദ്യ ഇന്ത്യൻ സംഘത്തിലെ അംഗമായിരുന്നു ദോർജെ മൊറുപ്പ്. കൊടുമുടി കീഴടക്കി ക്യാമ്പ് ആറിനു സമീപത്തേക്ക് തിരികെ ഇറങ്ങുന്നതിനിടെ കടുപ്പമേറിയ മഞ്ഞുപാളികളും അതിശക്തമായ കാറ്റും വില്ലനായി. മൊറുപ്പിനൊപ്പം ത്സെവാംഗ് സ്മൻല, ത്സെവാംഗ് പാൽജോർ എന്നിവരും അന്ന് എവറസ്റ്റിൽ കുടുങ്ങി ജീവൻ വെടിഞ്ഞു. 47-ാം വയസിലായിരുന്നു അന്ത്യം.
വെല്ലുവിളികൾ നിറഞ്ഞ വീണ്ടെടുക്കൽ ദൗത്യം
സമുദ്രനിരപ്പിൽനിന്ന് 8,000 മീറ്ററിന് മുകളിലുള്ള ഡെത്ത് സോണിലാണ് ഈ മൃതദേഹമുള്ളത്. മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന തണുപ്പും ഓക്സിജന്റെ കുറവും കാരണം ഇവിടെ മനുഷ്യന്ദീർഘനേരം അതിജീവിക്കാൻ കഴിയില്ല. മഞ്ഞിൽ ഉറഞ്ഞുപോയതിനാൽ ഇരട്ടിയിലധികം ഭാരമുള്ള മൃതദേഹവും വഹിച്ച് കുത്തനെയുള്ള പാതയിലൂടെ താഴേക്ക് ഇറങ്ങുന്നത് രക്ഷാപ്രവർത്തകരുടെ ജീവനുതന്നെ ഭീഷണിയാണ്.
ഹെലികോപ്റ്റർ പ്രയോജനപ്പെടുത്താൻ കഴിയാത്ത ചൈനീസ് ഭാഗത്തുനിന്നുള്ള ഈ ദൗത്യത്തിന് ഏതാണ്ട് 33 മുതൽ 66 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നു. ഐടിബിപിയുടെ നേതൃത്വത്തിൽ വിദഗ്ധരായ ഷെർപ്പ സംഘത്തെ ഉപയോഗിച്ച് അടുത്ത മാസത്തോടെ മൃതദേഹം താഴെയെത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഔദ്യോഗിക ടെൻഡറുകൾ ക്ഷണിച്ചുകഴിഞ്ഞു. ദൗത്യത്തിനുശേഷം മൃതദേഹം വീണ്ടും ഡിഎൻഎ പരിശോധനയിലൂടെ ഒന്നുകൂടി ഉറപ്പുവരുത്തും.
30 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു
"അദ്ദേഹം ഒരു ദിവസം തിരികെ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. മൃതദേഹം കാണാത്തതുകൊണ്ട് മരിച്ചുവെന്ന് വിശ്വസിക്കാൻ മനസ് വന്നില്ല,- മൊറുപ്പിന്റെ ഭാര്യ കൊഞ്ചാക് യാങ്സ്കിറ്റ് കണ്ണീരോടെ പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവൻ ബലിനൽകിയ അച്ഛനെ രക്തസാക്ഷിയായി ആദരിക്കണമെന്നാണ് മകൻ പുഞ്ചോക് ദോർജെ ആവശ്യപ്പെടുന്നത്.
മൃതദേഹം നാട്ടിലെത്തിച്ചാൽ ലഡാക്കിലെ രക്തസാക്ഷി മണ്ഡപത്തിനു സമീപം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. എവറസ്റ്റ് ദൗത്യത്തിന്റെ ഓർമയ്ക്കായി ആ ഗ്രീൻ ബൂട്സ് വീടിനുള്ളിൽ സൂക്ഷിക്കാനാണ് ഈ കുടുംബത്തിന്റെ ആഗ്രഹം.