ശ്രീകൃഷ്ണപുരം: സുസ്ഥിരതയിലേക്കുള്ള സുപ്രധാന ചുവടുവെപ്പുമായി ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. സ്കൂളിന്റെ 45 ാം വാർഷികത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ പരിസ്ഥിതി സാക്ഷരതക്കായി വികസിപ്പിച്ച നൂതനമായ ഗ്രീൻ മെട്രിക്ക ഡാഷ്ബോർഡ് അനാച്ഛാദനം ചെയ്തു.
മന്ത്രി ഷിബു ബേബി ജോണ്‍ ഡാഷ്ബോർഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികളിൽ 100 ശതമാനം പരിസ്ഥിതി സാക്ഷരത കൈവരിക്കുക, അതിന്റെ സ്വാധീനം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ പരിശ്രമം.
പരന്പരാഗത പരിസ്ഥിതി ബോധവത്കരണ പരിപാടികൾക്കപ്പുറം വിദ്യാർഥികളെ അവരുടെ സ്വന്തം വീടുകളിൽ ഗ്രീൻ ഓഡിറ്റ് നടത്താൻ പ്രാപ്തരാക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഐപിസിസി മാനദണ്ഡങ്ങൾക്കനുസൃതമായി തയ്യാറാക്കിയ കാർബണ്‍ കാൽക്കുലേറ്റർ ഉൾപ്പെടുന്ന ഗ്രീൻ മെട്രിക്ക ആപ്പ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
സ്കൂളിന്റെ മെന്ററും ഇക്വറ്റോർ ജിയോയുടെ എൻവെയർമെന്റ് എഡ്യുക്കേഷൻ ഡയറക്ടറുമായ ഫാ. സജി ജോസഫിന്റെ നേതൃത്വത്തിലാണ് സ്കൂളിൽ ഈ പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ പൗളിൻ ഒപി, ഫാ. സജി ജോസഫ്, ഗ്രീൻ മെട്രിക്ക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.