വള്ളികുന്നം (ആലപ്പുഴ): നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ സിപിഎം വിശദമായി പരിശോധിക്കുമ്പോൾ, 10 വർഷം കേരളം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയതാണു കാരണമെന്നു തുറന്നടിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്.
ആലപ്പുഴയിൽ വള്ളിക്കുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിലെ അഴിമതി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഇതിനൊപ്പം ബിജെപി–സിപിഎം ഡീലുണ്ടെന്ന എതിരാളികളുടെ പ്രചാരണം ജനം വിശ്വസിച്ചു. നമ്മുടെ ചില വർത്തമാനങ്ങൾ ഈ പ്രചാരണത്തിനു സഹായമായിയെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ജനത്തിന്റെ വികാരത്തിനൊപ്പം നിൽക്കാനായില്ല. പാർട്ടിയിൽനിന്ന് ആരെങ്കിലും പോയാൽ സൗകര്യം എന്നാണ് ഇപ്പോൾ കരുതുന്നത്, കാരണം അയാളുടെ ചോദ്യങ്ങൾക്ക് ഇനി മറുപടി വേണ്ടല്ലോ. നമ്മളും ബിജെപിയും ഡീലാണെന്ന കാര്യം ജനങ്ങൾ വിശ്വസിച്ചു. അതു പറഞ്ഞാണ് നമ്മുടെ വോട്ട് തട്ടിയെടുത്തത്. മുൻകാലങ്ങളിൽ ഉണ്ടായതിനെക്കാൾ വലിയ തിരിച്ചടി അഭിമുഖീകരിക്കുന്ന കാലമാണ് ഇത്. 2029 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും ജയിക്കും.
ജനം നമ്മളെ എഴുതിത്തള്ളിയിട്ടില്ല’’ – തോമസ് ഐസക് പാർട്ടി പ്രവർത്തകരോടു പറഞ്ഞു. പണ്ടത്തെ കാലമല്ല, ഇപ്പോൾ പ്രസംഗിക്കുന്നതുപോലും ആരെങ്കിലും ഫോൺ വച്ച് ടേപ്പ് (റെക്കോർഡ്) ചെയ്യാം. ടേപ്പ് ചെയ്യുന്നവരെ കാണാത്തതുകൊണ്ടാണു താൻ ഇത്രയും പറയുന്നത്. അല്ലെങ്കിൽ പറയില്ല’’ – തോമസ് ഐസക് പറഞ്ഞു. ജനങ്ങളുടെ വികാരങ്ങളെ കണക്കിലെടുത്തു വേണമായിരുന്നു സ്ഥാനാർഥികളെ തീരുമാനിക്കാൻ. അയ്യപ്പസംഗമത്തിൽ എന്താണു പറഞ്ഞതെന്നു വ്യാഖ്യാനിക്കാനായില്ല.
സഹകരണബാങ്കുകൾ ജനങ്ങളിൽനിന്ന് കാശു വാങ്ങിയെങ്കിൽ തിരിച്ചു കൊടുക്കണം. വായ്പ വാങ്ങിയവർ തിരിച്ചടയ്ക്കണം. അടയ്ക്കാത്തവരെ പാർട്ടി പുറത്താക്കണം. എങ്കിലേ ജനങ്ങൾക്കു വിശ്വാസമുണ്ടാകൂ. നമ്മൾ നന്നായി എന്ന് ജനങ്ങൾക്കു മനസിലാകണം.
തെരഞ്ഞെടുപ്പിലെ തോൽവിക്കു കാരണമായ പോരായ്മകൾ പലതുണ്ട്. അതൊക്കെ തിരുത്തണം. കേരളത്തിൽ ഇത്തവണ വലിയ വലതുപക്ഷ ഏകീകരണമാണുണ്ടായത്. വിജയിക്കാനായി യുഡിഎഫ്. ജാതിയും മതവുമെല്ലാം ഫലപ്രദമായി ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.