വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ കഴിഞ്ഞ മാസം 30ന് വിക്ഷേപിച്ച നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പിൽനിന്നുള്ള ശാസ്ത്രീയ വിവരങ്ങൾ സ്വീകരിക്കുന്നതിനായി ആഗോളതലത്തിലുള്ള ഗ്രൗണ്ട് സ്റ്റേഷനുകൾ സജ്ജമായി. അടുത്ത വർഷം ആരംഭത്തിൽ ടെലിസ്കോപ്പിന്റെ ദൗത്യങ്ങൾ ആരംഭിക്കുന്നതോടെ വൻതോതിലുള്ള ഡാറ്റാ ശേഖരണം സാധ്യമാകും.
ഭൂമിയിൽനിന്ന് ദശലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലെ നടത്തുന്ന ബഹിരാകാശ നിരീക്ഷണ വിവരങ്ങൾ തടസമില്ലാതെ ലഭ്യമാക്കാൻ യുഎസിലെ ന്യൂ മെക്സിക്കോയിലുള്ള നാസയുടെ നിയർ സ്പേസ് നെറ്റ്വർക്ക്, ഓസ്ട്രേലിയയിലുള്ള യൂറോപ്യൻ സ്പേസ് ഏജൻസി , ജപ്പാനിലെ ജാക്സ എന്നിവയുടെ ഗ്രൗണ്ട് സ്റ്റേഷനുകൾ സജ്ജമായിക്കഴിഞ്ഞു. ഈ ഗ്രൗണ്ട് സ്റ്റേഷനുകൾ വഴി സെക്കൻഡിൽ 500 മെഗാബിറ്റ്സ് വരെ വേഗത്തിൽ ഡാറ്റ സ്വീകരിക്കാനാകും. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെ, സൂര്യന്റെ എതിർദിശയിലുള്ള ലഗ്രാഞ്ച് പോയിന്റ് -രണ്ടിൽ സ്ഥിതിചെയ്യുന്ന ടെലിസ്കോപ്പിൽനിന്ന് പ്രതിദിനം ഏകദേശം 1.4 ടെറാബൈറ്റ് ഡാറ്റ വരെ ഭൂമിയിലേക്ക് അയയ്ക്കും.
പരീക്ഷണങ്ങളുടെ ഭാഗമായി ഉപകരണങ്ങളുടെ താപനില, വൈദ്യുതി ഉപയോഗം, പ്രാഥമിക ചിത്രങ്ങൾ എന്നിവയുൾപ്പടെയുള്ള വിവരങ്ങൾ ഗ്രൗണ്ട് സ്റ്റേഷനുകൾ വിജയകരമായി സ്വീകരിച്ചു. ജപ്പാനിൽ ചുഴലിക്കാറ്റ് വീശിയടിച്ച മോശം കാലാവസ്ഥയിൽ പോലും ഡാറ്റാ കൈമാറ്റം തടസമില്ലാതെ നടന്നതായി നാസ വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനങ്ങൾ സിഗ്നലുകളെ ബാധിക്കാതിരിക്കാനാണ് ജപ്പാൻ, ഓസ്ട്രേലിയ, ന്യൂ മെക്സിക്കോ തുടങ്ങി ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായ ഇടങ്ങളിൽ ഗ്രൗണ്ട് സ്റ്റേഷനുകൾ സജ്ജീകരിച്ചിരിക്കുന്നത്. പ്രകൃതിദത്ത തടസങ്ങൾ കാരണം ഡാറ്റ ലഭിക്കാതെവന്നാൽ, അതു സ്വമേധയാ വീണ്ടും അയയ്ക്കുന്ന ഓട്ടോമേറ്റഡ് സംവിധാനവും ടെലിസ്കോപ്പിലുണ്ട്.