കോഴിക്കോട്: ഓടയിൽ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയർഫോഴ്സും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് പുഷ്പ ജംഗ്ഷനു സമീപത്തെ ഓടയിൽ കുടുങ്ങിയ ബംഗാൾ സ്വദേശിയായ അജയ് ഓറയോണിനെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഓടയിൽ നിന്ന് പുറത്തെടുത്തത്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പുഷ്പ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുന്നിലൂടെ നടന്നുപോയ ഒരു സ്ത്രീയാണ് ഓടയിൽ ഒരാൾ അകപ്പെട്ടതായി കണ്ടത്. തുടർന്ന് ബീച്ച് അഗ്നിരക്ഷാ നിലയത്തിലും ചെമ്മങ്ങാട് പോലീസിലും വിവരമറിയിക്കുകയായിരുന്നു.
മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും ചേർന്ന് സ്ലാബ് വശത്തേക്ക് മാറ്റി യുവാവിനെ പുറത്തെടുക്കുകയായിരുന്നു. അജയ് ഓറയോൺ എങ്ങനെയാണ് ഓടയ്ക്കുള്ളിൽ പെട്ടുപോയതെന്ന കാര്യം വ്യക്തമല്ല. ഓടയിൽ നിന്ന് പുറത്തെടുത്ത യുവാവിനെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി.