അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഗുജറാത്ത് മികച്ച സ്കോറിലേക്ക്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന ശക്തമായ നിലയിലാണ് ഗുജറാത്ത്. 95 റൺസെടുത്ത ആര്യ ദേശായിയും പുറത്താകാതെ അർധസെഞ്ചുറി നേടിയ ഉർവിൽ പട്ടേലും വിശാൽ ജയ്സ്വാളുമാണ് ഗുജറാത്ത് ഇന്നിംഗ്സിന് കരുത്തായത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഗുജറാത്തിന് വേണ്ടി ആര്യ ദേശായിയും അഭിഷേക് ദേശായിയും ചേർന്നാണ് ഇന്നിംഗ്സ് ആരംഭിച്ചത്. തുടക്കം മുതൽ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ആര്യ 56 പന്തുകളിൽ അർധസെഞ്ചുറി പൂർത്തിയാക്കി. മറുവശത്ത് അഭിഷേക് കരുതലോടെയാണ് ബാറ്റ് ചെയ്തത്. ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 95 റൺസെന്ന മികച്ച നിലയിലായിരുന്നു ഗുജറാത്ത്.
എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം കളി പുനരാരംഭിച്ച ഉടൻ കേരളം ആദ്യ വിക്കറ്റ് വീഴ്ത്തി. 42 റൺസെടുത്ത അഭിഷേക് ദേശായിയെ എം.ഡി. നിധീഷിന്റെ പന്തിൽ രോഹൻ കുന്നുമ്മൽ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ ഒമ്പത് റൺസെടുത്ത വേദാന്ത് ത്രിവേദിയും മടങ്ങി. എൻ.പി. ബേസിലിന്റെ പന്തിൽ രോഹൻ കുന്നുമ്മലാണ് ക്യാച്ചെടുത്തത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുൻപ് രണ്ട് നിർണായക വിക്കറ്റുകൾ കൂടി വീഴ്ത്തി കേരളം മത്സരത്തിലേക്ക് തിരിച്ചെത്തി.
33 റൺസെടുത്ത മനൻ ഹിൻഗ്രാജിയയും സെഞ്ചുറിക്ക് അഞ്ച് റൺസ് അകലെ നിൽക്കെ ആര്യ ദേശായിയും പുറത്തായി. ആര്യയെ വൈശാഖ് ചന്ദ്രന്റെ പന്തിൽ വിഷ്ണു വിനോദ് ക്യാച്ചെടുത്ത് പുറത്താക്കി. ചായയ്ക്ക് ശേഷം രണ്ടാം ഓവറിൽ തന്നെ ജയ്മീത് പട്ടേലിന്റെ വിക്കറ്റും കേരളത്തിന് ലഭിച്ചു. ഒരു റൺസെടുത്ത ജയ്മീതിനെ ആദിത്യ സർവാത്തെ പുറത്താക്കിയതോടെ ഗുജറാത്ത് അഞ്ച് വിക്കറ്റിന് 189 റൺസെന്ന നിലയിലായി. എന്നാൽ പിന്നീട് ക്രീസിലെത്തിയ ഉർവിൽ പട്ടേലും വിശാൽ ജയ്സ്വാളും ചേർന്ന് കേരളത്തിന്റെ മുന്നേറ്റത്തിന് തടയിട്ടു.
ആക്രമണോത്സുക ബാറ്റിങ്ങിലൂടെ ഉർവിൽ സ്കോർ ഉയർത്തിയപ്പോൾ വിശാൽ മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ ഇതുവരെ 111 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കളി അവസാനിക്കുമ്പോൾ ഉർവിൽ പട്ടേൽ 63 റൺസുമായും വിശാൽ ജയ്സ്വാൾ 50 റൺസുമായും ക്രീസിലുണ്ട്.