ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം ഗ്യാനേശ്വരി യാദവ് വെള്ളി മെഡൽ സ്വന്തമാക്കി. വ്യക്തിഗത മികവോടെ ആകെ 199 കിലോഗ്രാം ഭാരം ഉയർത്തിയാണ് ഗ്യാനേശ്വരി പോഡിയത്തിൽ രണ്ടാമതായെത്തിയത്.
സ്നാച്ചിൽ 88 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോഗ്രാമും ഉയർത്തിയ താരം തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഗ്ലാസ്ഗോയിൽ പുറത്തെടുത്തത്. ഈ ഇനത്തിൽ നൈജീരിയയുടെ ദിദിഹ് ഒനോമെ ഒമൊളോല (206 കിലോഗ്രാം) സ്വർണവും കാനഡയുടെ റെബേക്ക ഗ്രൂൾക്സ് (178 കിലോഗ്രാം) വെങ്കലവും നേടി.
സ്നാച്ചിൽ 88 കിലോഗ്രാം വിജയകരമായി ഉയർത്തിയ ശേഷം, ക്ലീൻ ആൻഡ് ജെർക്കിൽ 103kg, 107kg, 111kg എന്നീ ഭാരങ്ങൾ തുടർച്ചയായി ഉയർത്തിയാണ് ഗ്യാനേശ്വരി വെള്ളി ഉറപ്പിച്ചത്. ഗ്ലാസ്ഗോ ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. മീരാഭായ് ചാനു (സ്വർണം), രാജ മുത്തുപാണ്ഡി (വെള്ളി) എന്നിവരാണ് നേരത്തെ മെഡൽ നേടിയ മറ്റു താരങ്ങൾ.
ഛത്തീസ്ഗഡ് സ്വദേശിയായ 23 കാരിയായ ഗ്യാനേശ്വരി, പട്യാലയിലെ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലാണ് നിലവിൽ പരിശീലനം നടത്തുന്നത്.
വനിതകളുടെ 58 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ബിന്ദ്യറാണി ദേവിയും വെങ്കല മെഡൽ സ്വന്തമാക്കി. 229 കിലോഗ്രാം ഉയർത്തിയ നൈജീരിയയുടെ റഫിയാതു ലവാലിനാണ് സ്വർണം.