അബുജ: നൈജീരിയയിൽ വീണ്ടും കൂട്ടക്കുരുതി. തിങ്കളാഴ്ച രാത്രി പ്ലേറ്റോ സംസ്ഥാനത്തെ മാംഗു പ്രാദേശിക ഭരണകൂട പരിധിയിലെ ബിൻ പെർ ഗ്രാമത്തിൽ ആയുധധാരികളായ അക്രമികൾ വീടുകളിൽ കയറി മഴുവും വാളും ഉപയോഗിച്ച് സ്ത്രീകളും കുട്ടികളുമടക്കം 25 പേരെ വെട്ടിക്കൊലപ്പെടുത്തി.
കഴിഞ്ഞയാഴ്ച രണ്ട് ഫൂലാനി ഗോത്ര വിഭാഗക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെ സമീപഗ്രാമമായ മൈറ്റിംബെയിൽ വീടുകൾക്കു തീയിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബിൻ പെർ ഗ്രാമത്തിൽ കൂട്ടക്കൊല നടന്നത്.
മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലെ രാഷ്ട്രീയ-സാമ്പത്തിക തർക്കങ്ങളും മതപരമായ സംഘർഷങ്ങളും ഈ മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ്. തുടർ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തു കനത്ത ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.