മൂവാറ്റുപുഴ : കോതമംഗലം രൂപത ഗായകസംഘം ഹെയിൽ മേരി ബാന്‍ഡിന്റെ വാര്‍ഷികാഘോഷം മൂവാറ്റുപുഴ നിര്‍മല കോളജ് ഓഡിറ്റോറിയത്തില്‍ നടത്തി. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ പാടും പാതിരി എന്ന് അറിയപ്പെടുന്ന ഗായകനും വോക്കോളജിസ്റ്റും തൃശൂര്‍ ചേതന സംഗീത അക്കാദമി ഡയറക്ടറുമായ ഫാ.ഡോ. പോള്‍ പൂവത്തിങ്കല്‍ ഗായക സംഘങ്ങള്‍ക്ക് ശബ്ദ പരിശീലനത്തെ കുറിച്ചും പാട്ടുപാടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്കി.
കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത ഗായക സംഘത്തിന്റെ വെബ്സൈറ്റ്, സമ്മേളനത്തില്‍ ലോഞ്ച് ചെയ്തു. ഹെയിൽ മേരി ബാന്‍ഡ് ആദ്യമായി ഇറക്കുന്ന മ്യൂസിക് ആല്‍ബം, ഹോളി യൂക്കരിസ്റ്റ് ചടങ്ങില്‍ പ്രകാശനം ചെയ്തു. രൂപത ചാന്‍സലര്‍ ഫാ.ഡോ. ജോസ് കുളത്തൂര്‍ അധ്യക്ഷത വഹിച്ചു. ഫാ. പ്രിന്‍സ് പരത്തിനാല്‍, ഫാ. ജോസ് വടക്കേടത്ത്, ബേബി ജോണ്‍ കലയന്താനി, നല്ല അവതാരകനായി ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം പിടിച്ച കെവിന് ആന്റണി ജോഷി, ബെസ്റ്റ് പ്രീസ്റ്റ് കമ്യൂണിക്കേറ്റര്‍ അവാര്‍ഡ് നേടിയ ഫാ. ജോസ് വെട്ടിക്കുഴിച്ചാലില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സമ്മേളനത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ഡോ. ജോണ്സന് ഒറോപ്ലാക്കല്‍, നിര്‍മല കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജസ്റ്റിന് കണ്ണാടന്‍, ബാന്‍ഡ് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ബേബി ജോണ്‍ കലയന്താനി, രൂപത ഗായകസംഘം ഡയറക്ടര്‍ ഫാ. ജിന്‍സ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.