തിരുവനന്തപുരം: ലോക ഫുട്ബോൾ താരം മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിൽ എത്തിച്ച് കളിപ്പിക്കാമെന്ന പേരിൽ നടന്ന കോടികളുടെ തട്ടിപ്പിൽ അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറാനുള്ള നടപടികളുമായി എസ്ഐടി. ഈ കേസിൽ കളമശേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അഴിമതിനിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വകുപ്പുകൂടി ചുമത്തും.
കള്ളപ്പണ ഇടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് പിസി ആക്ട് കൂടി ഉൾപ്പെടുത്തുക. ഇതോടെ ഇഡിക്ക് അന്വേഷണം ഏറ്റെടുക്കാനാകും. ഇക്കാര്യത്തിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ നിലപാട് സ്വീകരിക്കും.
പിസി ആക്ടിൽ വിജിലൻസ് പ്രത്യേക കേസ് എടുക്കണോ അതോ കളമശേരി കേസിൽ ഉൾപ്പെടുത്തിയാൽ മതിയോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിട്ടുള്ളത്. വിജിലൻസിന്റെ കേസെടുത്തുള്ള അന്വേഷണത്തിന് സർക്കാർ അനുമതിയും ആവശ്യമാണ്.
അതേസമയം, വിദേശനാണ്യ വിനിമയ ലംഘന നിയമം ഈ തട്ടിപ്പിൽ നിലനിൽക്കുമോയെന്ന് എസ്ഐടിക്ക് ആശങ്കയുണ്ട്. ട്രസ്റ്റുകൾക്കും സൊസൈറ്റികൾക്കും മറ്റുമെതിരേയാണ് ഇതു സാധാരണയായി ചുമത്തുക.
സ്പോണ്സറായത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനിയാണ്. കന്പനികൾക്കെതിരേ ഈ വകുപ്പ് നിലനിൽക്കുമോയെന്ന കാര്യത്തിലും നിയമോപദേശം തേടും.
വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനം കണ്ടെത്തിയാൽ അന്വേഷിക്കേണ്ടത് സിബിഐയാണ്. കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ ആലോചനയുണ്ടെങ്കിലും സ്പോണ്സർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതോടെ ഇഡിക്ക് എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങാം.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 206 കോടി രൂപ ലഭിച്ചതായും 22.68 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിരുന്നു. ഇതിൽ ജിഎസ്ടി വകുപ്പ് എസ്ഐടിയുടെ അന്വേഷണവും നടക്കുന്നുണ്ട്.