ന്യൂഡൽഹി: ഇന്ത്യൻ രേഖകളിലെയും ഫോമുകളിലെയും കൈയക്ഷരങ്ങളും അവ്യക്തമായ സ്കാനുകളും കൃത്യമായി വായിച്ചെടുക്കാൻ കഴിയുന്ന 'പത്രം 1.5' (Patram 1.5) എന്ന തദ്ദേശീയ എ.ഐ മോഡൽ ഭാരത്ജെൻ പുറത്തിറക്കി. 2026 നവംബർ 26-ന് അവതരിപ്പിച്ച ഈ 7 ബില്യൺ പാരാമീറ്റർ മോഡലിന് ഇംഗ്ലീഷും ഇന്ത്യൻ ഭാഷകളും കലർന്ന രേഖകളും, പട്ടികകളും, ചാർട്ടുകളും, ചിത്രങ്ങളും വിശകലനം ചെയ്യാൻ സാധിക്കും.
സാധാരണ രേഖകൾ വായിക്കാൻ ഉപയോഗിക്കുന്ന ഒസിആർ, എൽഎൽഎം എന്നിവയുടെ പ്രവർത്തനം ഒന്നിച്ച് കൊണ്ടുവരുന്നതിലൂടെ സീലുകളും കൈപ്പടയിലുള്ള കുറിപ്പുകളും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. 'ഒസിആർ 3.0' വഴി ആവശ്യമുള്ള വിവരങ്ങൾ മാത്രം ടെക്സ്റ്റ്, മാർക്ക്ഡൗൺ, എച്ച്ടിഎംഎൽ, ജെസൺ രൂപങ്ങളിൽ ലഭിക്കും.
അക്കങ്ങൾ അവ്യക്തമാണെങ്കിൽ അല്ലെങ്കിൽ വിവരങ്ങൾ വ്യക്തമല്ലെങ്കിൽ ഊഹിച്ചു പറയുന്നതിന് പകരം അത് വ്യക്തമാക്കുകയോ, മനുഷ്യരുടെ പരിശോധനയ്ക്കായി അടയാളപ്പെടുത്തുകയോ ചെയ്യുന്നു. ചോദ്യം അവ്യക്തമായാൽ തിരിച്ചു ചോദിക്കുകയും ചെയ്യും.
ഹഗ്ഗിംഗ് ഫെയ്സിൽ ഓപ്പൺ വെയിറ്റുകളായി ലഭ്യമായ ഈ മോഡൽ ബാങ്കുകൾക്കും ആശുപത്രികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സ്വന്തം സെർവറുകളിൽ പ്രവർത്തിപ്പിക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും ഇന്ത്യ എഐ മിഷന്റെയും പിന്തുണയോടെ ഐഐടി ബോംബെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഭാരത്ജെൻ. ഭാരത്ജെൻ പ്ലേഗ്രൗണ്ട് വഴി ആർക്കും ഈ മോഡൽ പരീക്ഷിച്ചു നോക്കാം.