മുംബൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് ഡീലുകളിലൊന്നിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് ശ്രമിക്കുന്നതായി റിപ്പോർട്ട്. 20 കോടിയിലധികം വരുന്ന മൂല്യമുള്ള ട്രേഡ്.
മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ രണ്ട് രീതിയിലുള്ള ട്രേഡ് സാധ്യതകളാണ് ഉയർന്നുവന്നിട്ടുള്ളത്. നിലവിൽ 16.35 കോടി രൂപയാണ് ഒരു സീസണിൽ ഹാർദിക്കിന് മുംബൈ ഇന്ത്യൻസ് നൽകുന്നത്.
ഹാർദിക്കിന് പകരമായി ഓൾറൗണ്ടർ ശിവം ദുബെയെയും ആയുഷ് മാത്രെയെയുമാണ് മുംബൈ ആവശ്യപ്പെടുന്നത്. ഐപിഎൽ 2026 സീസണിൽ 180നടുത്ത് സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശി ശ്രദ്ധ നേടിയ ആയുഷ് മാത്രെയെ ടീമിന്റെ ദീർഘകാല ഭാവി മുന്നിൽക്കണ്ടാണ് മുംബൈ നോട്ടമിട്ടിരിക്കുന്നത്. എന്നാൽ 19കാരനായ മാത്രെയെ വിട്ടുകൊടുക്കാൻ ചെന്നൈ തയാറല്ല. പകരമായി മറ്റൊരു ഓഫറാണ് സിഎസ്കെ മുന്നോട്ടുവച്ചിരിക്കുന്നത്.
ആയുഷ് മാത്രെയെ വിട്ടുനൽകില്ല. പകരം ശിവം ദുബെ, ദക്ഷിണാഫ്രിക്കൻ പവർ ഹിറ്റർ ഡെവാൾഡ് ബ്രെവിസ് എന്നിവർക്കൊപ്പം 10 കോടി പണമായും നൽകാമെന്നാണ് ചെന്നൈ മുന്നോട്ടുവച്ച കൗണ്ടർ ഓഫർ.
ഐപിഎൽ 2026ലെ പ്രകടനങ്ങളും കളിക്കാരുടെ വിപണി മൂല്യവും താരതമ്യം ചെയ്യുന്പോൾ ഈ ഡീൽ മുംബൈ ഇന്ത്യൻസിന് വൻ ലാഭമാണെന്നാണ് നിരീക്ഷകർ പറയുന്നത്.
നിലവിലെ സാധ്യത
ഇരു ഫ്രാഞ്ചൈസികളും ഒൗദ്യോഗികമായി ഈ കരാർ സ്ഥിരീകരിച്ചിട്ടില്ല. മുംബൈയുടെ യുവതാരത്തോടുള്ള താൽപര്യവും ചെന്നൈയുടെ കോർ ടീമിനെ നിലനിർത്താനുള്ള നീക്കവുമാണ് ചർച്ചകളിൽ പ്രധാന തടസമാകുന്നത്. ഈ ട്രേഡ് ചർച്ചകൾ പരാജയപ്പെട്ടാൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ ഫ്രാഞ്ചൈസികൾ രംഗത്തുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
2026 സീസണ് പ്രകടനം:
ഹാർദിക് പാണ്ഡ്യ: 206 റണ്‍സും നാല് വിക്കറ്റും. ഇക്കണോമി റേറ്റ് 11.43.
ശിവം ദുബെ: 158.82 സ്ട്രൈക്ക് റേറ്റിൽ 270 റണ്‍സ് നേടിയ ദുബെ സിഎസ്കെയ്ക്കായി ഫിനിഷർ റോളിൽ തിളങ്ങി.
ആയുഷ് മാത്രെ: ആറ് ഇന്നിംഗ്സിൽനിന്ന് 179.46 സ്ട്രൈക്ക് റേറ്റിൽ 201 റണ്‍സ്.