നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നു വരുംഎന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന തരത്തിലാണ് കഴിഞ്ഞദിവസം ഹരിപ്പാട് നടന്ന അപക്വതയുടെ മൂർത്തിമദ്ഭാവമായി മാറിയ കൊലപാതകത്തിൽ പോലീസിന്റെ കണ്ടെത്തൽ.
പതിമൂന്നു വയസുകാരി പെൺകുട്ടിയും രണ്ട് ആൺ സുഹൃത്തുക്കളും ഇപ്പോൾ വിചാരിക്കുന്നതും ഈ പഴഞ്ചൊല്ലുതന്നെയാവും. പ്രായം ചെന്ന ഒരു മനുഷ്യനെ കൊല ചെയ്താൽ നാട്ടുകാരും പോലീസും എങ്ങനെ കണ്ടുപിടിക്കാനാണ് എന്നു കരുതി വളരെ കൂളായി നടന്നിരിക്കാം. ഇന്ന് പോലീസ് ഉപയോഗിച്ചുവരുന്ന ഏറ്റവും നൂതനമായ സങ്കേതികവിദ്യയിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിക്കുപോലും രക്ഷപ്പടാൻ കഴിയില്ല എന്ന സത്യം ഇത്തരം കുട്ടികളും മുതിർന്നവരുമൊക്കെ മനസിലാക്കണം.
തയാറെടുപ്പിന് അഞ്ച് ഘട്ടം
കൊലപാതകങ്ങളുടെ തയാറെടുപ്പ് എന്നതിന് അഞ്ച് സ്റ്റേജുകളാണുള്ളത്. ഒന്നാമതായി ഒരാളെ കൊല്ലാൻ തീരുമാനിക്കുന്നു. രണ്ട് എങ്ങനെ കൊല്ലാമെന്നു തീരുമാനിക്കുന്നു. മൂന്നാമതായി കൊലപാതകത്തിനുള്ള സാധനസാമഗ്രികൾ വാങ്ങുകയും ശേഖരിക്കുകയും സംഭവസ്ഥലത്ത് എത്തിക്കുകയും ചെയ്യുന്നു. നാലാമതായി കൃത്യം നടത്തുന്നയിടത്തേക്കുള്ള ട്രാൻസ്പോർട്ടേഷൻ ഒരുക്കുന്നു. അഞ്ചാമതായി നമ്മുടെ സഹായികളെ കണ്ടെത്തുന്നു. പക്ഷേ, കൊലപാതകത്തിന് എത്രത്തോളം സംവിധാനങ്ങളും സജ്ജീകരണങ്ങളും ഒരുക്കുമോ അത്രത്തോളം സാക്ഷികളും ഉണ്ടാവുമെന്ന് കൊലപാതകികൾ മറന്നുപോകുന്നു. ഈ സജ്ജീകരണങ്ങളെല്ലാംതന്നെ പെട്ടെന്നു കേസ് തെളിയിക്കാനുള്ള മാർഗമായിത്തന്നെ വന്നുഭവിക്കും.
ഹരിപ്പാട് കേസ് നോക്കുകയാണെങ്കിൽ ആരായിരിക്കാം ഈ വയോധികനെ കൊല്ലാൻ സാധ്യതയുള്ളത്, അദ്ദേഹത്തിനു ശത്രുക്കൾ ഉണ്ടായിരുന്നോ? മരിക്കുന്നതിനു 48 മണിക്കൂറിനുള്ളിൽ ആരൊക്കെയായിരിക്കും അയാളുമായി ബന്ധപ്പെട്ടത്? കൊലപാതകത്തിലേക്കു നയിച്ച കാരണം എന്താണ്? ആരുടെയെങ്കിലും പ്രേരണ ഉണ്ടായിരുന്നോ? തുടങ്ങിയ കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ പോലീസ് പരിശോധിച്ചതെന്നു വ്യക്തം.
രണ്ടാമതായി, പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളാണ് നടക്കുന്നത്. മരണത്തിനുമുമ്പ് പരിക്കുകൾ ഉണ്ടായിരുന്നോ? കൊല നടന്ന സ്ഥലത്ത് വിരലടയാളമുൾപ്പെടെ എന്തെങ്കിലും തെളിവുകൾ ലഭ്യമാണോ എന്നതാവും അവിടെ കണ്ടെത്തുക. അതുപോലെ മൃതദേഹം മറവു ചെയ്യാൻ കൊലയാളി ശ്രമിച്ചാൽ അതിനും പല തെളിവുകളും അവശേഷിക്കുന്നുണ്ടാവും.
പോസ്റ്റ്മോർട്ടത്തിൽ എല്ലാമറിയാം
ഏതു രീതിയിലാണ് കൊല നടത്തിയത് എന്നു കണ്ടുപിടിക്കാൻ ഇന്ന് യാതൊരു പ്രയാസവുമില്ല. ഉദാഹരണത്തിന്, ശ്വാസം മുട്ടിച്ചു കൊന്നുവെന്നിരിക്കട്ടെ. അതു കണ്ടെത്തുന്നതിനുള്ള സാധ്യതകൾ നോക്കാം. ഇരയുടെ കഴുത്തിലെ നഖത്തിന്റെ പാടുകൾ, കഴുത്തിലെ അസ്ഥികൾക്ക് സംഭവിക്കുന്ന പൊട്ടൽ തുടങ്ങി പലതും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താൻ സാധിക്കും. കയർ, അല്ലെങ്കിൽ തുണി, ഷാൾ, വയർ, നൂൽകമ്പി, കേബിൾ തുടങ്ങി ഏതെങ്കിലും വസ്തു ഉപയോഗിച്ചാലും കണ്ടെത്താൻ ബുദ്ധിമുട്ടില്ല. അതുമല്ല തലയണ, പ്ലാസ്റ്റിക് കവർ, തുണി തുടങ്ങിയവ ഉപയോഗിച്ചോ കൈകൾ കൊണ്ടോ മൂക്കും വായും അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചോ കൊന്നാലും നെഞ്ചിൽ അമർത്തിയോ കയറിയിരുന്നോ അസാധാരണ ഭാരം കയറ്റി വച്ചോ ശ്വാസംമുട്ടിച്ചു കൊന്നാലും അതു പോസ്റ്റ്മോർട്ടത്തിലൂടെ തെളിയിക്കാനാവും. കൊലയാളി മുഖംമൂടിവച്ചാലും രക്ഷയില്ല. കാരണം, "Gait Analysis’ വഴി കൊലയാളി എങ്ങനെ നടക്കുന്നു അതും തിരിച്ചു കണ്ടുപിടിക്കാൻ പറ്റും.
പോലീസ് നായയെ ഉപയോഗിച്ചു മാത്രമല്ല ഇന്ന് കൊലപാതകിയുടെ ഗന്ധം തിരിച്ചറിയുനത്. കുറ്റകൃത്യം നടന്ന സ്ഥലത്തെ വസ്തുക്കളിൽനിന്നോ വായുവിൽനിന്നോ കുറ്റവാളിയുടെ ഗന്ധം വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന പ്രത്യേക വാക്വം ഉപകരണങ്ങൾ ഇന്നുണ്ട്. നായയുടെ മൂക്കിന് സമാനമായി ഗന്ധം പിടിച്ചെടുക്കാൻ കഴിയുന്ന സെൻസറുകളുള്ള ഇലക്ട്രോണിക് നോസ് ഉപകരണങ്ങളും ലഭ്യമാണ്. ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങളുപയോഗിച്ച് വായുവിലെ നേരിയ രാസമാറ്റങ്ങൾപോലും തിരിച്ചറിഞ്ഞ് ഗന്ധത്തിന്റെ ഉറവിടം കണ്ടെത്താൻ ഇതു സഹായിക്കുന്നു.
ഗന്ധം വഴിയും
ക്രൈം നടന്ന സ്ഥലത്തുനിന്നു കിട്ടിയ ഗന്ധവും സംശയിക്കപ്പെടുന്ന വ്യക്തിയുടെ ശരീരത്തിലെ ഗന്ധവും തമ്മിൽ ശാസ്ത്രീയമായി ഒത്തുനോക്കുന്ന ഗ്യാസ് ക്രോമാറ്റോഗ്രാഫിയും സംശയിക്കപ്പെടുന്ന വ്യക്തികളുടെ ശരീരത്തിൽനിന്ന് നേരിട്ട് ഗന്ധം ശേഖരിക്കാൻ ഉപയോഗിക്കുന്ന ഡോസ്മെട്രി പാച്ചുകളും ഇന്ന് തെളിവുശേഖരണത്തിന് ഉപയോഗിച്ചുവരുന്നുണ്ട്.
വിരലടയാളം മാത്രമല്ല, കൊലപാതകം നടന്ന സ്ഥലത്തുനിന്നു ശേഖരിക്കുന്ന രക്തത്തുള്ളികൾ, മുടി, സിഗരറ്റ് കുറ്റികളിലും ഗ്ലാസിലുമൊക്കെയുള്ള ഉമിനീർ, ഇരയുടെ നഖങ്ങൾക്കിടയിൽ കുടുങ്ങിയ കുറ്റവാളിയുടെ തൊലിയുടെയോ മാംസത്തിലെയോ കോശങ്ങൾ പോലും ഡിഎൻഎ തെളിവായി മാറുന്ന കാലത്ത് ആരുമറിയില്ല എന്ന ധാരണയിൽ കൊലപാതകം നടത്തുന്നത് എത്ര അപഹാസ്യമാണ്.
ഇന്നു നടക്കുന്ന കൊലപാതകങ്ങളിൽ 99 ശതമാനത്തിലും മൊബൈൽ ഫോണിന്റെ ഉപയോഗം കാണാം. അതാണ് മറ്റൊരു പ്രധാന തെളിവ്. ആസൂത്രിതമായ കൊലപാതകങ്ങൾ നടത്തുന്നതിനു രണ്ടുമൂന്നു മാസം മുമ്പുതന്നെ കാര്യങ്ങൾ ഒരുക്കിത്തുടങ്ങും. അവിടെ ഏതെങ്കിലും തരത്തിലുള്ള സെൽഫോൺ ഉപയോഗവും ഉണ്ടാവും. അവസാന കോളുകളുടെയും ചാറ്റുകളുടെയും എസ്എംഎസുകളുടെയും വിവരങ്ങൾ പ്രധാനമാണ്. കൊലപാതകത്തിനു മുമ്പ് പ്രതിയും ഇരയും തമ്മിൽ സംസാരിച്ചിരുന്നോ അല്ലെങ്കിൽ ആരാണ് ഇരയോട് അവസാനമായി സംസാരിച്ചത്, എത്ര സമയം സംസാരിച്ചു തുടങ്ങിയ വിവരങ്ങൾ പോലീസ് ശേഖരിക്കും. ഗൂഗിൾപോലെയുള്ള സെർച്ച് എൻജിനുകളിൽ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം (എങ്ങനെ കൊലചെയ്യാം, കൊല ചെയ്തശേഷം എങ്ങനെ രക്ഷപ്പെടാം) പ്രതി സെർച്ച് ചെയ്തോ എന്നതും പ്രതിയുടെയും ഇരയുടെയും ബാങ്ക്, യുപിഐ ട്രാൻസാക്ഷനുകളും ജിപിഎസ് ട്രാക്കിംഗും എല്ലാം പരിശോധനയിൽ വരുന്നതാണ്.
ഫോൺ ഓഫ് ചെയ്താലും പെടും
കൊലപാതകസമയത്ത് ഉപയോഗിച്ചിരുന്ന സിം നശിപ്പിച്ച ശേഷം പുതിയ സിം ആ ഫോണിൽ ഉപയോഗിച്ചാലും, ഫോൺ നശിപ്പിച്ചശേഷം മറ്റൊരു ഫോണിൽ പഴയ സിം ഉപയോഗിച്ചാലും നിസാരമായി പോലീസിനു കണ്ടെത്താവുന്നതേയുള്ളൂ. ഫോൺ ഓഫ് ചെയ്തുവച്ച ശേഷം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും പോലീസ് വലയത്തിൽ പെടുമെന്നതിൽ സംശയം വേണ്ട. കുറ്റവാളിയെ പിടികൂടാൻ പോലീസ് ഉപയോഗിക്കുന്ന മറ്റൊരു സംവിധാനമാണ് നിരീക്ഷണ കാമറകൾ. വിദ്യാർഥികളായാലും തൊഴിലാളികളായാലും ഉദ്യോഗസ്ഥരായാലും കൊലപാതകത്തിനു മുമ്പോ ശേഷമോ മണിക്കൂറുകളോ ദിവസങ്ങളോ അവരവരുടെ തട്ടകങ്ങളിലേക്ക് എത്തിച്ചേരാതിരിക്കുന്നതും കേസ് തെളിയിക്കാൻ പോലീസിനു സഹായകമാണ്.
അതുപോലെതന്നെയാണ് മോഷണത്തിൽ സംഭവിക്കുന്നതും. ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോണും സ്വർണവുമെല്ലാം കുറഞ്ഞ വിലയ്ക്കു വില്ക്കാൻ ശ്രമിക്കുമ്പോൾ വാങ്ങുന്നയാളിന് സംശയം ഉണ്ടാവും. അതുകൊണ്ട് മോഷണവസ്തു ഉപയോഗിച്ചാലും വിറ്റാലും വില്ക്കാൻ ശ്രമിച്ചാലും കേസിനു തുമ്പു ലഭിക്കുമെന്നതിൽ സംശയം വേണ്ട.
നൽകേണ്ടത് നല്ല അനുഭവം
കുട്ടികൾ എന്തുകൊണ്ടാണിത്തരം അബദ്ധങ്ങൾ കാണിക്കുന്നതെന്നുകൂടി നോക്കാം. നാമനുഭവിക്കുന്ന കാഴ്ചകളും ശബ്ദങ്ങളും രുചികളുമൊക്കെ നമ്മുടെ തലച്ചോറിന്റെ വികാസത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. വയലൻസും ക്രൈമും അടിപിടിയും വെടിവയ്പും സെന്റിമെന്റ്സും ഹൊററുമൊക്കെ കണ്ടു വളരുന്ന കുട്ടിയുടെ തലച്ചോറ് ആ രീതിയിലായിരിക്കും പരുവപ്പെടുന്നത്. അതുകൊണ്ട് രക്ഷിതാക്കൾ കുട്ടികൾക്ക് നല്ല അനുഭവങ്ങളാണ് നല്കേണ്ടത്.
ഇത്തരത്തിലുള്ള വൈദഗ്ധ്യവും സാങ്കേതികവിദ്യകളും 30 വർഷം മുമ്പ് കേരള പോലീസിന് ലഭ്യമായിരുന്നെങ്കിൽ ഒരുപക്ഷേ സുകുമാരക്കുറുപ്പിന് കൊല നടത്തി രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. കുറുപ്പിനെ പോലീസ് പിടിച്ചേനെ; കാരണം കേരള പോലീസ് അന്നും സ്മാർട്ട് ആയിരുന്നു. പ്രശസ്ത ഫോറൻസിക് സർജൻ ഡോ. ബി. ഉമാദത്തൻ രചിച്ച ജനപ്രിയ കുറ്റാന്വേഷണ ഗ്രന്ഥമായ "കപാല'ത്തിൽ ഈ കേസ് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സുകുമാരക്കുറിപ്പിനെ പിടികൂടാൻ കഴിയാതെപോയത് ഒരു പക്ഷേ, കേരള പോലീസിന്റെ ഭാഗ്യക്കുറവായിപ്പോയി എന്നു പറയാം.